ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയാല്‍ കൊറോണ വ്യാപനം വീണ്ടും മൂര്‍ധന്യത്തിലെത്തും; ഡബ്ല്യൂ.എച്ച്.ഒ

Glint desk
Tue, 26-05-2020 04:40:54 PM ;

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പെട്ടെന്ന് ഇളവ് വരുത്തിയാല്‍ കൊറോണ വ്യാപനം മൂര്‍ധന്യാവസ്ഥയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായ ലോകാരോഗ്യ സംഘടന. രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തുകയും രോഗവ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള സമയമാണിതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. 

ഇപ്പോള്‍ കൊറോണ മഹാമാരിയുടെ ആദ്യ തരംഗമാണ് ലോകത്ത് അനുഭവപ്പെടുന്നത് എന്നും ഇപ്പോഴും രോഗവ്യാപനം മുന്നോട്ട് തന്നെയാണെന്നും ഏത് സമയത്തും രോഗബാധയില്‍ വലിയ ഉയര്‍ച്ചയുണ്ടാകാന്‍ ഇടയുണ്ടെന്നും അതിനാല്‍ തന്നെ ഇക്കാര്യം എല്ലാവരും കരുതി ഇരിക്കണമെന്നും ലോകാരോഗ്യ സംഘടന എമര്‍ജന്‍സി വിഭാഗം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു. 

ലോകത്ത് മിക്ക രാജ്യങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. നിലവില്‍ രോഗവ്യാപനത്തിന്റെ തോത് താഴ്ന്നു കൊണ്ടിരിക്കുകയാണെന്നു വച്ച് രോഗവ്യാപനം ഇല്ലാതായി കൊണ്ടിരിക്കുന്നു എന്ന് പറയാന്‍ കഴിയില്ല എന്നും രോഗവ്യാപനം വീണ്ടും മൂര്‍ധന്യാവസ്ഥയില്‍ എത്തിയേക്കാമെന്നും മൈക്ക് റയാന്‍ പറഞ്ഞു. രോഗബാധയില്‍ കുറവുണ്ടാകുന്ന രാജ്യങ്ങള്‍ ഈ സമയം ഉപയോഗിച്ച് രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തുകയും രോഗവ്യാപനത്തിന്റെ അടുത്ത മൂര്‍ധന്യാവസ്ഥ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

 

Tags: