ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; അമേരിക്കയില്‍ പ്രതിഷേധം ആളിപ്പടരുന്നു

Glint desk
Sat, 30-05-2020 11:42:43 AM ;

അമേരിക്കയിലെ മിനിയാപൊളിസ് നഗരത്തില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധം ആളിപ്പടരുന്നു. ജോര്‍ജ് ഫ്‌ളോയിഡ് മരിച്ച സംഭവത്തില്‍ പോലീസുകാരനായ ഡെറിക് ചോവിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. നിരായുധനായ ജോര്‍ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ തെരുവുകളില്‍ പ്രതിഷേധം ആളിക്കത്തി. മിനിയാപൊളിസിലെ തെരുവുകള്‍ എനിക്ക് ശ്വാസം മുട്ടുന്നു എന്ന മുദ്രാവാക്യം കൊണ്ട് പ്രക്ഷുബ്ദമായി. പ്രതിഷേധക്കാര്‍ നിരവധി സ്ഥാപനങ്ങള്‍ക്ക് തീവെച്ചു. 

ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ 8 മിനിറ്റ് 46 സെക്കന്‍ഡ് കാല്‍മുട്ട് ഊന്നി നിന്നാണ് വെളുത്ത വര്‍ഗക്കാരനായ പോലീസ് ഓഫീസര്‍ ഡെറിക് ചോവന്‍ കൊലപ്പെടുത്തിയത്. ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുപറഞ്ഞിട്ടും ഫ്‌ളോയിഡിനെ ഇയാള്‍ വിട്ടില്ല. മുഖ്യപ്രതി ഡെറിക് ചോവിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലാക്കി. പങ്കാളികളായ മറ്റ് 3 പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെയുള്ള അന്വേഷണം തുടരുകയാണ്. കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമത്തിനെതിരെ അമേരിക്കയിലെ മറ്റ് നഗരങ്ങളിലും പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. 

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. എന്നാല്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ തള്ളിപ്പറായാന്‍ തയ്യാറാകാത്ത ട്രംപിന്റെ ട്വീറ്റുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. 

 

Tags: