ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും, ഹോങ്കോങിനുള്ള പ്രത്യേക അവകാശം ഇല്ലാതാക്കും; ട്രംപ്

Glint desk
Sat, 30-05-2020 01:05:21 PM ;

യു.എസ് സര്‍വകലാശാലകളിലുള്ള ചില ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്നും ആഗോള വാണിജ്യ ഹബ്ബുകളിലൊന്നായ ഹോങ്‌കോങിനുള്ള പ്രത്യേക വ്യാപാരപദവിയും ആനുകൂല്യവും എടുത്തു കളയുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന ഹോങ്കോങ് ദേശീയ സുരക്ഷാ നിയമത്തിന് അംഗീകാരം നല്‍കിയതോടെയാണ് നടപടി. വര്‍ഷങ്ങളായി തങ്ങളുടെ വ്യവസായ രഹസ്യങ്ങള്‍ മോഷ്ടിക്കുന്നതിന് ചൈന ചാരവൃത്തി നടത്തിയിട്ടുണ്ടെന്നും ട്രംപ് ആരോപിച്ചു.
 

ചൈനയ്ക്ക് ദീര്‍ഘകാല പ്രത്യാഘാതം ഉണ്ടാക്കുന്ന നടപടിയുടെ ഭാഗമായി ചൈനീസ് സൈന്യവുമായി ബന്ധമുള്ള യു.എസ് സര്‍വകലാശാലകളിലെ ബിരുദ വിദ്യാര്‍ത്ഥികളെ വിലക്കുന്നതിന് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചു.

ഹോങ്കോങിന് ഇപ്പോള്‍ അനുവദിച്ചിട്ടുള്ള തീരുവ ഇളവ്, വ്യാപാര പരിഗണന, ഡോളര്‍ വിനിമയത്തിലെ ഇളവ്, വിസ ഫ്രീ യാത്ര എന്നിവ യു.എസ് പിന്‍വലിക്കും. ഹോങ്കോങിലെയും ചൈനയിലെയും ലോകത്തേയും ജനങ്ങള്‍ക്ക് ഇതൊരു ദുരന്തമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. 

 

Tags: