ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; 26 നഗരങ്ങളില്‍ കര്‍ഫ്യൂ, പ്രതിഷേധം ആളിപ്പടരുന്നു

Glint desk
Sun, 31-05-2020 01:23:38 PM ;

അമേരിക്കയില്‍ പോലീസ് അതിക്രമത്തില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന ആഫ്രിക്കന്‍ വംശജന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധങ്ങള്‍ ആളിപ്പടരുന്നു. 26 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ത്യാനാപോളിസിലെ പ്രതിഷേധങ്ങള്‍ക്കിടെ മൂന്ന് സമരക്കാര്‍ക്ക് വെടിയേറ്റു. ഇതില്‍ ഒരാള്‍ മരിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അമേരിക്കയിലെമ്പാടും പോലീസ് ആസ്ഥാനങ്ങള്‍ക്ക് നേരെയുള്ള അക്രമം തുടരുന്നു. രാജ്യത്തെ കൊവിഡ് പരിശോധനകള്‍ പലയിടത്തും നിര്‍ത്തി വെച്ചിരിക്കുകയാണ്. 

എനിക്ക് ശ്വാസം മുട്ടുന്നു എന്ന ഫ്‌ളോയിഡിന്റെ അവസാന നിലവിളി മുദ്രാവാക്യമാക്കിയാണ് പ്രതിഷേധക്കാര്‍ തെരുവിലേക്കിറങ്ങിയത്. ലോസ് ഏഞ്ചലസ്, ചിക്കാഗോ, അറ്റ്‌ലാന്റ് തുടങ്ങിയ നഗരങ്ങളിലെ ആളുകളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സിയറ്റില്‍ മുതല്‍ ന്യൂയോര്‍ക്കില്‍ വരെ പ്രതിഷേധക്കാര്‍ അണിനിരക്കുകയാണ്. 

തുടര്‍ച്ചയായ 5-ാം ദിവസവും മിനിയാപോളിസിലും ന്യൂയോര്‍ക്കിലും ചിക്കാഗോയിലുമടക്കം പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. പോലീസ് കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു. നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇത് നിരോധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി. 

വാഷിങ്ടണില്‍ വൈറ്റ്ഹൗസിന് സമീപത്തും ഹൂസ്റ്റണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലും പ്രതിഷേധം നടന്നു.

 

Tags: