പെന്‍ഷന്‍ നഷ്ടപ്പെടുത്താതെ ഇരിക്കാന്‍ മുത്തശ്ശിയുടെ മൃതദേഹം കൊച്ചുമകള്‍ സൂക്ഷിച്ചുവെച്ചത് 16 വര്‍ഷം

Glint desk
Sun, 31-05-2020 05:47:52 PM ;

യു.എസില്‍ മുത്തശ്ശി മരിച്ച വിവരം രഹസ്യമാക്കി 16 വര്‍ഷത്തോളം മൃതദേഹം സൂക്ഷിച്ചുവെച്ച കൊച്ചുമകളെ പോലീസ് അറസ്റ്റ് ചെയ്തു. പെന്‍സില്‍വാനിയ സ്വദേശിയായ സിന്തിയ ബാക്കിനെയാണ് പോലീസ് സംഘം പിടികൂടിയത്. കേസിന്റെ തുടര്‍ നടപടികള്‍ക്കായി ഇവരെ യോര്‍ക്ക് കൗണ്ടി ജുഡീഷ്യല്‍ സെന്ററിലേക്ക് മാറ്റി. മൃതദേഹത്തോടുള്ള അനാദരവ്, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

2001 മുതല്‍ 2010 വരെ ഏകദേശം രണ്ട് ലക്ഷത്തോളം ഡോളര്‍ മുത്തശ്ശിയുടെ പേരില്‍ സാമൂഹിക സുരക്ഷാ പദ്ധതിയില്‍ നിന്ന് സിന്തിയ കൈക്കലാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വായ്പ തിരിച്ചടവിനും മറ്റുമാണ് അവര്‍ ഈ പണം ഉപയോഗിച്ചിരുന്നത്. 2010 വരെ സിന്തിയയുടെ മുത്തശ്ശിയുടെ പേരില്‍ പണം കൈമാറിയതായി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.  

2004ലാണ് സിന്തിയയുടെ മുത്തശ്ശിയായ ഗ്ലെനോറ റെക്കോഡ് ഡെലാഹായ് മരിച്ചത്. 97 വയസ്സ് പ്രായമുള്ളപ്പോള്‍ അഡ്‌മോറിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. എന്നാല്‍ മുത്തശ്ശിക്ക് സാമൂഹിക സുരക്ഷാ പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന പണം മുടങ്ങാതെ ഇരിക്കാനായി സിന്തിയ മരണവിവരം രഹസ്യമാക്കി വെക്കുകയായിരുന്നു. തുടര്‍ന്ന് ഒരു ഫ്രീസറില്‍ മൃതദേഹം വീടിന്റെ താഴെയുള്ള രഹസ്യകേന്ദ്രത്തില്‍ സൂക്ഷിക്കുകയും ചെയ്തു. 

2007ല്‍ അഡ്‌മോറില്‍ നിന്ന് യോര്‍ക്ക് കൗണ്ടിയിലേക്ക് താമസം മാറിയപ്പോള്‍ ഈ ഫ്രീസറും രഹസ്യമായി ഇവിടേക്ക് കടത്തി. പിന്നീട് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ സിന്തിയയുടെ പണയത്തിലായിരുന്ന വീട് നഷ്ടപ്പെടുമെന്ന ഘട്ടത്തിലെത്തി. ഈ സമയം വീട് വാങ്ങാനായി എത്തിയവരാണ് ഫ്രീസറിനുള്ളില്‍ മൃതദേഹം കണ്ടത്. ഇവര്‍ നല്‍കിയ വിവരം അനുസരിച്ചാണ് പോലീസ് സംഘം സിന്തിയയെ അറസ്റ്റ് ചെയ്തത്.  

 

Tags: