ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിഷേധം രൂക്ഷമായപ്പോള്‍ ട്രംപിനെ വൈറ്റ്ഹൗസിലെ ബങ്കറിലേക്ക് മാറ്റി

Glint desk
Mon, 01-06-2020 12:26:20 PM ;

ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് വാഷിംഗ്ടണില്‍ വെള്ളിയാഴ്ച രാത്രി പ്രതിഷേധക്കാര്‍ വൈറ്റ്ഹൗസിന് മുന്നില്‍ തടിച്ചു കൂടിയപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു മണിക്കൂറോളം ട്രംപ് വൈറ്റ്ഹൗസിലെ ഭൂഗര്‍ഭ ബങ്കറില്‍ ചിലവഴിച്ചു. 

അപ്രതീക്ഷിതമായി വൈറ്റ്ഹൗസിന് മുന്നിലുണ്ടായ പ്രതിഷേധം ട്രംപിനും അദ്ദേഹത്തിന്റെ സംഘത്തിനും നടുക്കമുണ്ടാക്കിയതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറ്റ്ഹൗസില്‍ ട്രംപിനോടൊപ്പം ഭാര്യ മെലാനിയയും മകന്‍ ബറോണിനേയും ബങ്കറിലേക്ക് മാറ്റിയോ എന്നതില്‍ വ്യക്തതയില്ല. വെള്ളിയാഴ്ച രാത്രി വൈറ്റ്ഹൗസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച നൂറുകണക്കിന് പ്രതിഷേധക്കാരെ രഹസ്യന്വേഷണ ഉദ്യോഗസ്ഥരും പോലീസും തടയുകയായിരുന്നു.

ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ വാഷിങ്ടണിലടക്കം യു.എസിലെ നാല്‍പ്പതോളം നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.  

മെയ് 25നാണ് പോലീസ് അതിക്രമത്തെ തുടര്‍ന്ന് ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് പ്രതിഷേധം വ്യാപകമായി പൊട്ടിപ്പുറപ്പെടുകയായിരുന്നു.

 

Tags: