ഫ്‌ളോയിഡിന് ഐക്യദാര്‍ഢ്യം; പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ മുട്ടുകുത്തി പോലീസ്

Glint desk
Tue, 02-06-2020 12:36:37 PM ;

ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതക്കത്തില്‍ അമേരിക്കയിലെങ്ങും പ്രതിഷേധം ആളിപ്പടരുകയാണ്. ഇപ്പോള്‍ പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് മിയാമി പോലീസും. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരടക്കം പ്രക്ഷോഭകര്‍ക്ക് മുന്നില്‍ മുട്ടുകുത്തിയിരക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുന്നത്. 

മിയാമി പോലീസ് അസോസിയേഷന്‍ കോറല്‍ ഗേബ്ലസിലെ ഉദ്യോഗസ്ഥരാണ് പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുട്ടുകുത്തിയിരുന്നത്. അമേരിക്കയിലെ പല ഉദ്യോഗസ്ഥരും മിനിയാപ്പൊളീസ് പോലീസിന്റെ നടപടിയെ അപലപിച്ചിട്ടുണ്ട്. ജോര്‍ജ് ഫ്‌ളോയിഡിന്റെ ജന്മനാടായ ഹൂസ്റ്റണിലെ പോലീസ് മേധാവി കൊലപാതകത്തെ പരസ്യമായി അപലപിച്ചിരുന്നു. 

പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി നിരവധി ഹോളിവുഡ് താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പിന്തുണ അറിയച്ചതിനൊപ്പം പ്രതിഷേധക്കാര്‍ക്ക് സഹായമെത്തിച്ചുമാണ് താരങ്ങള്‍ സമരത്തില്‍ പങ്കാളികളായത്. അറസ്റ്റിലാകുന്നവര്‍ക്ക് ജാമ്യമെടുക്കുന്നതിനുള്ള ധനസമാഹരണത്തിനും താരങ്ങളുടെ സഹായമുണ്ട്. 

അതേസമയം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യണമെന്നും, വിചാരണ ചെയ്യണമെന്നും ട്രംപ് ഗവര്‍ണര്‍മാരോട് പറഞ്ഞതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധത്തിനും അക്രമത്തിനും പിന്നില്‍ തീവ്ര ഇടതുപക്ഷ ശക്തികളാണെന്ന അഭിപ്രായം ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. രാജ്യത്ത് തുടരുന്ന പ്രക്ഷോഭം അടിച്ചമര്‍ത്തേണ്ടത് തന്റെ ഉത്തരവാദിത്വമല്ല അത് ഗവര്‍ണര്‍മാരുടെ ഉത്തരവാദിത്വമാണെന്ന് ട്രംപ് വ്യക്തമാക്കി.

ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടു കൊണ്ട് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഡെറിക് ചൗ എന്ന പോലീസുകാരനെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. 

Tags: