യു.എസിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ട്രംപിന്റെ മകളും മുന്‍ഭാര്യയും

Glint desk
Thu, 04-06-2020 11:45:56 AM ;

ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ട്രംപിന്റെ മകള്‍ ടിഫാനി ട്രംപും മുന്‍ ഭാര്യ മാര്‍ല മേപ്പിള്‍സും. വാഷിംഗ്ടണ്‍ ഡി.സിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ച പോലീസ് നടപടിക്ക് തൊട്ടുപിന്നാലെയാണ് ടിഫാനി സമൂഹമാധ്യമത്തിലൂടെ പിന്തുണ അറിയിച്ചത്. ട്രംപിന്റെ മുന്‍ഭാര്യയും ടിഫാനിയുടെ അമ്മയുമായ മാര്‍ല മേപ്പിള്‍സു പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തി.

ഒറ്റയ്ക്ക് നിന്നാല്‍ വളരെ കുറച്ച് കാര്യങ്ങളെ നേടാന്‍ കഴിയൂ, എന്നാല്‍ ഒരുമിച്ച് നിന്നാല്‍ വളരെയധികം നേടാന്‍ സാധിക്കും എന്ന ഹെലന്‍ കെല്ലറുടെ വാക്കുകളാണ് ടിഫാനി ട്വീറ്റ് ചെയ്തിരിക്കുന്നത്. #blackoutTuesday, #justiceforgeorgefloyd എന്നീ ഹാഷ്ടാഗുകളും കുറിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത സ്‌ക്രീന്‍ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

അമേരിക്കയില്‍ കാലങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്ന വംശീയ അതിക്രമങ്ങള്‍ക്കും പോലീസ് അതിക്രമങ്ങള്‍ക്കും എതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് ബ്ലാക്ക് ഔട്ട് ട്യൂസ്‌ഡെ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നത്. 

ടിഫാനിയുടെ നടപടിയെ പിന്തുണച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. പ്രതിഷേധങ്ങളോട് മനുഷ്യത്വരഹിതമായി പെരുമാറുന്ന ട്രംപിന് കാര്യങ്ങള്‍ പറഞ്ഞ്  മനസ്സിലാക്കി കൊടുക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.  

Tags: