അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരന്‍ പോലീസ് വെടിവെപ്പില്‍ മരിച്ചു

Glint desk
Sun, 14-06-2020 12:28:43 PM ;

അമേരിക്കയില്‍ പോലീസ് അതിക്രമത്തില്‍ ഒരു കറുത്തവര്‍ഗക്കാരന്‍ കൂടി കൊല്ലപ്പെട്ടു. റെയ്ഷാര്‍ഡ് ബ്രൂക്ക്‌സ് എന്ന 27 വയസ്സുകാരനാണ് വെള്ളിയാഴ്ച പോലീസ് വെടിയേറ്റു മരിച്ചത്. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ പ്രതിഷേധം രൂക്ഷമായിരിക്കെയാണ് പുതിയ സംഭവം. ബ്രൂക്‌സിന്റെ മരണത്തെ തുടര്‍ന്ന് അറ്റ്‌ലാന്റയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി.

അറ്റ്‌ലാന്റയിലെ ഒരു റസ്റ്റോറന്റിന്റെ മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട് റെയ്ഷാര്‍ഡ് ഉറങ്ങിയതിന്റെ പേരില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പോലീസുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പോലീസിന്റെ തോക്ക് തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച റെയ്ഷാര്‍ഡിനെ പോലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നു എന്നാണ് വിശദീകരണം. 

ബ്രൂക്‌സിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. പോലീസുകാരില്‍ ഒരാള്‍ ബ്രൂക്‌സിന് നേരെ മുന്ന് തവണ വെടിയുതിര്‍ത്തു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് ഫള്‍ട്ടന്‍ കൗണ്ടി ജില്ലാ അറ്റോര്‍ണി ഉത്തരവിട്ടു.

Tags: