എച്ച്1 ബി വിസ വിലക്കി യു.എസ്; ഇന്ത്യന്‍ ഐ.ടി പ്രൊഫഷണലുകള്‍ക്ക് തിരിച്ചടി

Glint desk
Tue, 23-06-2020 11:53:43 AM ;

എച്ച് 1 ബി, എച്ച് 2 ബി, എല്‍ വീസകള്‍ ഈ വര്‍ഷം അവസാനം വരെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച് യു.എസ്. വിദഗ്ദ തൊഴിലാളികളുടെ ലാന്‍ഡ്‌സ്‌കേപ്പിങ് പോലെ വൈദഗ്ദ്യം ആവശ്യമുള്ള മേഖലകളിലേക്കുള്ള ഇടക്കാല തൊഴിലാളികളുടെയും നിയമനങ്ങള്‍ ഇതോടെ നടക്കില്ല. ഒരു കമ്പനിയില്‍ നിന്ന് മാനേജര്‍മാരെ ഉള്‍പ്പെടെ അമേരിക്കയിലേക്ക് സ്ഥലം മാറ്റാനുമാവില്ല. 

ഇപ്പോള്‍ യു.എസില്‍ ജോലിചെയ്യുന്ന വിദേശികളെ ഇത് ബാധിക്കില്ല. എച്ച് 1 ബി വിസ സമ്പ്രദായം പരിഷ്‌ക്കരിക്കാനും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തിന്റെ ദിശയിലേക്ക് നീങ്ങാനും ട്രംപ് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് തൊഴില്‍ വിസകള്‍ ഈ വര്‍ഷാവസാനം വരെ നിര്‍ത്താന്‍ വൈറ്റ്ഹൗസ് ഉത്തരവിറക്കിയത്. 

അമേരിക്കന്‍ തൊഴിലാളികളെ മാറ്റി കുറഞ്ഞ ചെലവില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യു.എസിലെ തൊഴിലുടമകളെ അനുവദിച്ച പഴുതുകളും ട്രംപ് ഭരണകൂടം ഈ പരിഷ്‌കരണത്തിലൂടെ അടയ്ക്കും. പരിഷ്‌കാരങ്ങള്‍ അമേരിക്കന്‍ തൊഴിലാളികളുടെ വേതനം സംരക്ഷിക്കുന്നതിനും നമ്മുടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ തൊഴിലാളികള്‍ ഉയര്‍ന്ന വൈദഗ്ദ്യമുള്ളവരാണെന്ന് ഉറപ്പാക്കാനും സഹായിക്കുമെന്നാണ് വൈറ്റ്ഹൗസിന്റെ വിശദീകരണം.

ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ തീരുമാനം ദോഷകരമായി ബാധിക്കും. അഞ്ചേകാല്‍ ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഇതോടെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ലഭിക്കും. നീക്കത്തിനെതിരെ വ്യാപാര വ്യവസായ വൃത്തങ്ങളില്‍ നിന്ന് എതിര്‍പ്പുയരുന്നുണ്ട്. 

വിദഗ്ദ തൊഴിലാളികള്‍ക്കാണ് എച്ച്1ബി വിസകള്‍ അനുവദിക്കുക. മാനേജര്‍മാരെയടക്കം അമേരിക്കയിലേക്ക് സ്ഥലം മാറ്റാനാണ് എല്‍ വീസ ഉപയോഗിക്കുന്നത്. ഇന്‍ഫോസിസും ടി.സി.എസും പോലെ അമേരിക്കയില്‍ സാന്നിധ്യമുള്ള ഇന്ത്യന്‍ കമ്പനികള്‍ ഇതോടെ അവിടെ ഇപ്പോഴുള്ള ഒഴിവുകളില്‍ തദ്ദേശീയരെ നിയമിക്കേണ്ടിവരും. കൊവിഡ് ബാധ മൂലം പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് നടപടിയെന്നാണ് പ്രമുഖ ടെക് കമ്പനികളും യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സും അടക്കം പ്രതികരിച്ചത്. 

Tags: