മാസ്‌ക് ധരിക്കാന്‍ ആഹ്വാനം ചെയ്ത് ട്രംപ്

Glint desk
Tue, 21-07-2020 12:49:29 PM ;

മാസ്‌ക് ധരിക്കാന്‍ ആഹ്വാനം ചെയ്ത് ഡൊണാള്‍ഡ് ട്രംപ്. പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ച് പ്രത്യക്ഷപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വൈറസിനെ ചെറുക്കാനുള്ള മികച്ച മാര്‍ഗമാണ് മാസ്‌കെന്ന് വ്യക്തമാക്കി തിങ്കളാഴ്ച ട്രംപ് ട്വീറ്റ് ചെയ്തത്. ട്വിറ്റര്‍ സന്ദേശത്തോടൊപ്പം മാസ്‌കണിഞ്ഞ സ്വന്തം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. 

അദൃശ്യമായ ചൈനാ വൈറസിനെ തുരത്താന്‍ നാം ഒറ്റക്കെട്ടായി ശ്രമിക്കുകയാണ്. സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് രാജ്യസ്‌നേഹം വെളിവാക്കുമെന്ന് പലരും പറയുന്നു. നിങ്ങളുടെ പ്രിയങ്കരനായ ഈ പ്രസിഡന്റിനേക്കാള്‍ ദേശസ്‌നേഹമുള്ള മറ്റൊരാളില്ല എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

മാസ്‌ക് ധരിക്കുന്നത് കൊറോണവൈറസ് വ്യാപനത്തെ കുറയ്ക്കുമെന്ന് ശാസ്ത്രീയ തെളിവുകള്‍ പുറത്തു വന്നതിന് ശേഷവും മാസങ്ങളോളം പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് മാസ്‌ക് വിഷയത്തില്‍ ട്രംപിന്റെ മനംമാറ്റമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ജൂലൈ 11ന് സൈനിക ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ട്രംപ് ആദ്യമായി പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ച് എത്തിയത്. മാസ്‌കില്‍ വിശ്വസിക്കുന്നുവെന്ന് ഞായറാഴ്ച ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു.

Tags: