ജോ ബൈഡന്‍ വിജയിച്ചാല്‍ പിന്നെ അമേരിക്ക ചൈനയുടെ കീഴില്‍; ട്രംപ്

Glint desk
Sat, 22-08-2020 12:54:41 PM ;

നവംബര്‍ 3ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ജോ ബൈഡന്‍ വിജയിച്ചാല്‍ അമേരിക്കയുടെ ഉടമസ്ഥാവകാശം ചൈനയ്ക്കായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. കൗണ്‍സില്‍ ഫോര്‍ നാഷണല്‍ പോളിസിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് തിരഞ്ഞെടുപ്പിലെ തന്റെ എതിരാളിയായ ജോ ബൈഡനെതിരെ ട്രംപ് ആരോപണമുന്നയിച്ചത്. തന്റെ പ്രസംഗത്തിനിടയില്‍ ഒരിക്കല്‍ പോലും ബൈഡന്‍ ചൈനയുടെ കാര്യം പരാമര്‍ശിച്ചിട്ടില്ല എന്നാണ് ട്രംപിന്റെ വിമര്‍ശനം.

ഒരു തരത്തിലും ചൈന പരാമര്‍ശിക്കപ്പെട്ടിട്ടില്ല, ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ നമ്മുടെ രാജ്യം പിന്നെ ചൈനയ്ക്ക് സ്വന്തം, നാമത് ഒരിക്കലും അനുവദിക്കില്ല,ബൈഡന്റെ വിജയത്തിനായി ചൈന അതിയായി ആഗ്രഹിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു,തന്റെ വിജയം ചൈന ആഗ്രഹിച്ചിരുന്നെങ്കില്‍ അത് തനിക്ക് അപമാനമാകുമായിരുന്നെന്നും ട്രംപ് പറഞ്ഞു.

നിയമനിര്‍വഹണത്തെ കുറിച്ചോ ഡെമോക്രാറ്റുകളുടെ ഭരണത്തിന്‍ കീഴിലുള്ള നഗരങ്ങളിലെ സുരക്ഷാ പുനഃസ്ഥാപനത്തെ കുറിച്ചോ വ്യാഴാഴ്ച നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ ബൈഡന്‍ സൂചിപ്പിച്ചില്ലെന്ന് ട്രംപ് സൂചിപ്പിച്ചു. ഡെമോക്രാറ്റ് പാര്‍ട്ടിയുടെ വിദ്വേഷവും വെറുപ്പും നിഷേധിക്കാനുള്ള അവസരമായി തിരഞ്ഞെടുപ്പിനെ കാണണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. നാടിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന കക്ഷിയ്ക്ക് നല്ല ഭരണം കാഴ്ച വെയ്ക്കാനാവില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Tags: