കൊവിഡ് ഭേദമായ ആള്‍ക്ക് 4 മാസത്തിന് ശേഷം വീണ്ടും രോഗം; ആശങ്ക

Glint desk
Tue, 25-08-2020 01:16:06 PM ;

കൊവിഡ് ഭേദമായ യുവാവിന് മാസങ്ങള്‍ക്ക് ശേഷം വീണ്ടും വൈറസ്ബാധ ഉണ്ടായെന്ന റിപ്പോര്‍ട്ടുമായി ഹോങ്കോങ് ശാസ്ത്രജ്ഞര്‍. 33 വയസ്സുള്ള യുവാവിലാണ് നാലര മാസത്തിന് ശേഷം വീണ്ടും വൈറസ്ബാധ കണ്ടെത്തിയത്. ഇത്തരത്തിലൊരു സംഭവം അപൂര്‍വമാണെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. 

സ്പെയിനില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് മടങ്ങിയെത്തിയ 33-കാരനില്‍ നടത്തിയ ജനിതക പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞര്‍ ഈ സ്ഥിരീകരണത്തിലെത്തിയത്. ഓഗസ്റ്റ് പകുതിയോടെ മടങ്ങിയെത്തിയ ഇയാള്‍ക്ക് വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് കൊറോണവൈറസിന്റെ മറ്റൊരു വകഭേദം ബാധിച്ചതായി കണ്ടെത്തിയത്. മാര്‍ച്ചില്‍ ഇയാള്‍ക്ക് കോവിഡ് ബാധിച്ചിരുന്നുവെന്ന് ശാസ്ത്രസംഘത്തലവനും മൈക്രോബയോളജിസ്റ്റുമായ ഡോ. കെല്‍വില്‍ കായ്-വാങ് ടൊ പറഞ്ഞു. ആദ്യം രോഗബാധയുണ്ടായ സന്ദര്‍ഭത്തില്‍ ഇയാള്‍ക്ക് മിതമായ രോഗലക്ഷണങ്ങളാണുണ്ടായിരുന്നത്. എന്നാല്‍ രണ്ടാമത്തെ തവണ വൈറസ് ബാധയുണ്ടായപ്പോള്‍ യാതൊരുവിധ രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചില്ല.

ഒരാളുടെ കേസ് കണക്കിലെടുത്ത് ഒരിക്കല്‍ രോഗം വന്ന് ഭേദമായ ആള്‍ക്ക് വീണ്ടും രോഗം ഉണ്ടാകുമെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ശരീരത്തിലെ പ്രതിരോധവ്യവസ്ഥ ഒരു തവണ സൃഷ്ടിക്കുന്ന ആന്റിബോഡികള്‍ വീണ്ടും രോഗബാധയുണ്ടാകുന്ന ആളില്‍ പ്രതിരോധസജ്ജമാകുമോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. വീണ്ടും രോഗബാധയുണ്ടാകുമ്പോള്‍ വൈറസിന്റെ മറ്റൊരു പതിപ്പാണ് കാണപ്പെടുന്നത്. അതിനാല്‍ ഒരു തവണ രോഗബാധയുണ്ടായാല്‍ വൈറസ് പ്രതിരോധമാര്‍ഗങ്ങളായ മുഖാവരണം, സാമൂഹികാകലം പാലിക്കല്‍ എന്നിവ തുടരുന്നത് അനിവാര്യമാണെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. 

ആദ്യ വൈറസ് ബാധയുണ്ടായി നാളുകള്‍ക്ക് ശേഷം വീണ്ടം രോഗം സ്ഥിരീകരിക്കുന്നത് വൈറസ് ശരീരത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുമാറാത്തതിന്റെ സൂചനയായിരിക്കാമെന്ന് ഒരു സംഘം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രോഗം വന്ന് ഭേദമായി മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഉണ്ടാകുന്ന സാഹചര്യം ലോകത്ത് ആദ്യമായാണ് കണ്ടെത്തുന്നത്. ജിനോം സീക്വന്‍സിങ്ങില്‍ യുവാവിനെ ബാധിച്ച രണ്ടു വൈറസുകളുടെയും സ്‌ട്രെയിന്‍ തീര്‍ത്തും വ്യത്യസ്തമാണെന്നും കണ്ടെത്തി.

 

Tags: