ബലാത്സംഗം പൈശാചികമാണ് എന്നാല്‍ വധശിക്ഷ ഉചിതമെന്ന് കരുതുന്നില്ല; മിഷേല്‍ ബാഷേല്‍

Glint desk
Fri, 16-10-2020 12:27:07 PM ;

ബലാത്സംഗം എന്നത് പൈശാചികമായ പ്രവൃത്തിയാണെങ്കിലും ശിക്ഷയായി വധശിക്ഷ നടപ്പാക്കുന്നത് ഉചിതമല്ലെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേല്‍ ബാഷേല്‍.  2012ല്‍ പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് യുവാക്കള്‍ക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് മിഷേലിന്റെ പ്രതികരണം. ബംഗ്ലാദേശും പാകിസ്താനും നൈജീരിയയുമുള്‍പ്പെടെ ബലാത്സംഗത്തിന് വധശിക്ഷ പ്രഖ്യാപിച്ച നിരവധി രാജ്യങ്ങളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു മിഷേലിന്റെ പ്രതികരണം.

വധശിക്ഷയ്ക്കു് അനുകൂലമായ പ്രധാന വാദം ബലാത്സംഗത്തെ തടയും എന്നതാണ്. എന്നാല്‍ വാസ്തവത്തില്‍ വധശിക്ഷ മറ്റ് തരത്തിലുള്ള ശിക്ഷകളെക്കാള്‍ കുറ്റകൃത്യത്തെ തടയുന്നു എന്നതിന് തെളിവുകളില്ലെന്നും മിക്ക രാജ്യങ്ങളിലും ലൈംഗിക അതിക്രമത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാവുന്നില്ല എന്നതാണ് പ്രധാന പ്രശ്നമെന്നും ഇതിന് നിരവധി ഘടകങ്ങള്‍ കാരണമാവുന്നുണ്ടെന്നും മിഷേല്‍ പറഞ്ഞു.

ബലാത്സംഗത്തിന് വധശിക്ഷ വിധിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമുള്ള ആദ്യത്തെ ശിക്ഷയാണ് നടന്നത്.

Tags: