ആര് അധികാരത്തില്‍ എത്തിയാലും അമേരിക്ക മുഖ്യശത്രു തന്നെ; കിം ജോങ് ഉന്‍

Glint desk
Sat, 09-01-2021 12:48:27 PM ;

അമേരിക്ക ഉത്തര കൊറിയയുടെ ഏറ്റവും വലിയ ശത്രു ആണെന്നും ആര് അധികാരത്തില്‍ എത്തിയാലും അതില്‍ മാറ്റമില്ലെന്നും കിം ജോങ് ഉന്‍. വര്‍ക്കേഴ്സ് പാര്‍ട്ടി മീറ്റിങ്ങില്‍ കിം നടത്തിയ പ്രസംഗം ഔദ്യോഗിക മാധ്യമമായ കെ.സി.എന്‍.എ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അമേരിക്കയ്ക്കെതിരെയുള്ള കിമ്മിന്റെ പരാമര്‍ശം. നേരത്തെയും അമേരിക്കയ്ക്ക് മുന്നില്‍ വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച് ഉത്തര കൊറിയ രംഗത്തുവന്നിരുന്നു.

നമ്മുടെ വിപ്ലവത്തിന് ഏറ്റവും വലിയ വെല്ലുവിളിയായ അമേരിക്കയെ അട്ടിമറിക്കുന്നതിലാവണം ഉത്തരകൊറിയയുടെ ശ്രദ്ധ. അമേരിക്കയില്‍ ആരാണ് അധികാരത്തിലെന്നതില്‍ കാര്യമില്ല. അവരുടെ യഥാര്‍ഥ നയം ഉത്തരകൊറിയയ്ക്കെതിരെയാണ്. അതൊരിക്കലും മാറില്ലെന്ന് കിം പറഞ്ഞതായി കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക ഏറ്റവും വലിയ ശത്രുവാണെന്ന പ്രഖ്യാപനത്തിലൂടെ അമേരിക്കയുമായി തുടര്‍ന്നും നല്ല ബന്ധത്തിലായിരിക്കില്ല എന്ന സൂചനയാണ് കിം നല്‍കിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംവാദത്തില്‍ കിമ്മിനെ കള്ളനെന്നായിരുന്നു ബൈഡന്‍ വിശേഷിപ്പിച്ചത്. ഇതിനു പകരം ബൈഡനെ പേയിളകിയ നായ എന്നായിരുന്നു കിം വിശേഷിപ്പിച്ചത്. 2018 ജൂണില്‍ കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മില്‍ നടന്ന ചരിത്രപ്രധാനമായ ഉച്ചകോടിക്ക് ശേഷവും ഇരു രാജ്യങ്ങളും തമ്മില്‍ വാകപോര് തുടര്‍ന്നിരുന്നു.

Tags: