രാജകുടുംബത്തില്‍ വര്‍ണ്ണവിവേചനം; ആത്മഹത്യ വരെ ചിന്തിച്ചെന്ന് മേഗന്‍

Glint desk
Mon, 08-03-2021 01:11:28 PM ;

രാജകുടുംബത്തില്‍ നിന്നനുഭവിക്കേണ്ടി വന്ന വിവേചനവും അവഗണനയും തന്റെ മാനസികാരോഗ്യത്തെ ക്ഷയിപ്പിക്കുകയും ഒരു ഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ചുള്ള ചിന്തയിലേക്കെത്തിക്കുകയും ചെയ്തതായി മേഗന്‍ മാര്‍ക്കലിന്റെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ ടെലിവിഷന്‍ അവതാരക ഓപ്ര വിന്‍ഫ്രിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മേഗന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. തന്റെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ കൊട്ടാരത്തോട് മെഡിക്കല്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ തനിക്കത് നിഷേധിക്കപ്പെട്ടുവെന്നും പാസ്പോര്‍ട്ടുള്‍പ്പെടെയുള്ള വ്യക്തിപരമായ സംഗതികള്‍ പോലും അപ്രാപ്യമായിത്തീര്‍ന്നതായും മേഗന്‍ സൂചിപ്പിച്ചു.

2020 ആദ്യം ഹാരിയും മേഗനും രാജകീയ പദവികള്‍ ഉപേക്ഷിച്ച് മകന്‍ ആര്‍ച്ചിക്കൊപ്പം വടക്കെ അമേരിക്കയിലേക്ക് ചേക്കേറിയിരുന്നു. പിന്നീട് സാമൂഹികമാധ്യമങ്ങള്‍ ഉപേക്ഷിച്ച മേഗന്‍ ആത്മസുരക്ഷക്കായാണ് അവ ഉപേക്ഷിക്കുന്നതെന്നറിയിച്ചിരുന്നു. രാജകുടുംബത്തില്‍ നിന്നുള്ള ഹാരിയുടേയും മേഗന്റേയും അകല്‍ച്ചയെ ചൊല്ലിയുള്ള കുറ്റപ്പെടുത്തലുകളും മേഗന്‍ നേരിട്ടിരുന്നു. 

പിറക്കാനിരുന്ന തന്റെയും ഹാരി രാജകുമാരന്റെയും കുഞ്ഞിന്റെ നിറത്തെ കുറിച്ചുള്ള ആശങ്കാകുലമായ ചര്‍ച്ചകള്‍ രാജകുടുംബത്തിലുണ്ടായിരുന്നതായും മേഗന്‍ പറഞ്ഞു. ജനനത്തിന് മുമ്പ് തന്നെ കുഞ്ഞിന്റെ നിറത്തിന്റെ പേരില്‍ അവന് സുരക്ഷാസംവിധാനങ്ങളോ രാജകീയ പദവിയോ നിഷേധിക്കപ്പെടുമെന്ന കാര്യങ്ങള്‍ ഹാരി തന്നെയാണ് തന്നോട് പങ്കുവെച്ചതെന്നും മേഗന്‍ വെളിപ്പെടുത്തി. മേഗന്റെ പിതാവ് വെളുത്തവര്‍ഗക്കാരനും മാതാവ് കറുത്ത വംശജയുമായതിനാലാണ് ഇത്തരമൊരു ആശങ്ക രാജകുടുംബാംഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നതിന് പിന്നില്‍. 2019 മേയിലാണ് മേഗന്‍ മകന്‍ ആര്‍ച്ചിക്ക് ജന്മം നല്‍കിയത്.

Tags: