താലിബാന്‍ തടഞ്ഞുവെച്ച 150 ഇന്ത്യക്കാരെ വിട്ടയച്ചു

Glint Desk
Sat, 21-08-2021 02:37:42 PM ;

കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇന്ന് രാവിലെ തടഞ്ഞുവെച്ച 150 ഓളം ഇന്ത്യക്കാരെ വിട്ടയച്ചു. നിലവില്‍ ഇവര്‍ സുരക്ഷിതരായി കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നും ഇവിടെ നിന്ന് ഉടന്‍ ഒഴിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപത്ത് നിന്ന് തടഞ്ഞ ഇന്ത്യക്കാരെ താലിബാന്‍ ട്രക്കുകളില്‍ പുറത്തേക്ക് കൊണ്ടുപോയിരുന്നു. രേഖകളും മറ്റും പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

85 ഇന്ത്യക്കാരെ കാബൂളില്‍ നിന്ന് വ്യോമസേനാ വിമാനം താജികിസ്താനിലേക്ക് ഒഴിപ്പിച്ചിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് 150 ഓളം ഇന്ത്യക്കാരെ തടഞ്ഞുവെച്ചത്. വ്യോമസേനയുടെ നേതൃത്വത്തില്‍ മറ്റൊരു വിമാനം ഒഴിപ്പിക്കിലിന് തയ്യാറെടുത്ത് വരികയാണ്. കാബൂള്‍ വിമാനത്താവളത്തിലേക്ക് കഴിയാവുന്നത്ര ഇന്ത്യക്കാരെ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

താലിബാന്‍ അഫ്ഗാന്‍ പിടിച്ചതിന് പിന്നാലെ എല്ലാ എംബസി ഉദ്യോഗസ്ഥരേയും ഇന്ത്യ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ആയിരത്തോളം ഇന്ത്യക്കാര്‍ വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഇവരില്‍ പലരും എംബസികളില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ കണ്ടെത്തുക ദുഷ്‌കരമാണെന്നും അധികൃതര്‍ പറയുന്നു.

Tags: