അഫ്ഗാനിലെ സര്‍വകലാശാലകള്‍ തുറന്നു; കര്‍ട്ടന്‍ ഇട്ട് മറച്ച ക്ലാസ് മുറി, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഇരിപ്പിടം

Glint Desk
Mon, 06-09-2021 06:58:38 PM ;

അഫ്ഗാനിസ്ഥാനില്‍ സര്‍വകലാശാലകള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. ക്ലാസ് മുറികള്‍ കര്‍ട്ടനിട്ട് മറച്ച് പ്രത്യേക സജ്ജീകരണങ്ങളോടെയാണ് ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്. കര്‍ട്ടനിട്ട് മറച്ച ക്ലാസ് മുറിയില്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഇരുവശത്തായി പ്രത്യേക ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സികള്‍ അടക്കം ക്ലാസ് മുറികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടു. താലിബാന്‍ ഭരണം പിടിച്ചതിന് ശേഷം ആദ്യമായാണ് സര്‍വകലാശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.

പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസ് മുറികള്‍ വേണമെന്നും, അല്ലെങ്കില്‍ ഇരുവിഭാഗവും ഇരിക്കുന്ന ഭാഗം കര്‍ട്ടനിട്ട് മറക്കണമെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു. ക്ലാസ് കഴിയുമ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പുറത്തിറങ്ങാന്‍ അനുവാദമില്ല. ആണ്‍കുട്ടികളെല്ലാവരും പോയി കഴിഞ്ഞതിന് ശേഷം മാത്രമേ പെണ്‍കുട്ടികള്‍ക്ക് പുറത്ത് പോകാന്‍ സാധിക്കൂ.

ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ചുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് അനുവദിക്കുമെന്നായിരുന്നു അധികാരം പിടിച്ചെടുത്തതിന് പിന്നാലെ താലിബാന്‍ പറഞ്ഞത്. സ്ത്രീകള്‍ പഠിക്കുന്നതില്‍ വിരോധമില്ല, എന്നാല്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നാണ് താലിബാന്റെ ഉത്തരവ്. താലിബാന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അഫ്ഗാനിലെ ചില സ്വകാര്യ സര്‍വകലാശാലകളാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ എന്ത് വസ്ത്രം ധരിച്ചെത്തണം, എങ്ങനെ ഇരിക്കണം, ആരാണ് അവരെ പഠിപ്പിക്കേണ്ടത്, ക്ലാസുകളുടെ ദൈര്‍ഘ്യം എന്നിവ അടക്കമുള്ള നിര്‍ദേശമാണ് താലിബാന്‍ നല്‍കിയിരിക്കുന്നത്.

ഇത് വളരെ ബുദ്ധിമുട്ടേറിയ രീതിയാണെന്നാണ് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു സര്‍വകലാശാല അധ്യാപകന്‍ എ.എഫ്.പിയോട് പറഞ്ഞത്. പെണ്‍കുട്ടികളെ മാത്രമായി പഠിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ആവശ്യത്തിന് വനിതാ അധ്യാപകരോ ക്ലാസ് മുറികളോ ഇല്ല. പക്ഷെ താലിബാന്‍ പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കുന്നത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Tags: