ദലൈ ലാമയുടെ വാക്കുകള്‍ മ്യാന്‍മാര്‍ കേള്‍ക്കാനല്ല

Glint staff
Wed, 13-09-2017 02:48:34 PM ;
Delhi

dalai-lama, rohingya

ബുദ്ധനുണ്ടായിരുന്നെങ്കില്‍ റോഹിംഗ്യനുകളെ സഹായിക്കുമായിരുന്നു എന്ന് ദലൈ ലാമ പറഞ്ഞു വച്ചിരിക്കുന്നു. ആറു  ദശകത്തോളമായി ഇന്ത്യയില്‍ അഭയാര്‍ഥിയായി  കഴിയുന്ന ദലൈ ലാമയ്ക്ക് അതില്‍ കൂടുതല്‍ പറയാന്‍ പറ്റില്ല. ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ ദലൈ ലാമയ്ക്ക് ഇടപെടാനുമാവില്ല. മൂന്നു ലക്ഷം റോഹിംഗ്യന്‍ മുസ്ലീമുകളാണ് മ്യാന്‍മാറില്‍ നിന്ന് അവിടുത്തെ പട്ടാളത്തിന്റെ കൊടിയ പീഡനത്തെ തുടര്‍ന്ന് ബംഗ്ലാദേശിലെത്തിയിരിക്കുന്നത്.  ഈ കണക്ക് ഔദ്യോഗികമാണ്. യഥാര്‍ഥത്തില്‍ അതിലേറെപ്പേര്‍ ഉണ്ടെന്നാണ് ബംഗ്ലാദേശ്-മ്യാന്‍മാര്‍ അതിര്‍ത്തി സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
        

ഇത്രയും അഭയാര്‍ഥികളെ സ്വീകരിക്കുക ബംഗ്ലാദേശിന് ഒറ്റയ്ക്ക് സാധിക്കുന്ന കാര്യമല്ല. ഇന്ത്യ ഇതുവരെ എടുത്ത നിലപാട് ഇന്ത്യയുടെ സഞ്ചിത സംസ്‌കാരത്തെപ്പോലും കളങ്കിതമാക്കുന്നതാണെന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു വെച്ചാല്‍ ഭൂലോകത്തുള്ളവരെല്ലാം സ്വാസ്ഥ്യത്തോടെയിരിക്കട്ടെ എന്നത് ഇന്ത്യയുടെ പ്രാര്‍ഥനയാണ്. അത് ജ്ഞാനോദയത്തില്‍ നിന്നുള്ള പ്രാര്‍ഥനയാണ്. ആ പ്രാര്‍ഥന വ്യക്തിയുടെ ശുദ്ധിക്കും ലോകത്തിന്റെ നന്മയ്ക്കുംവേണ്ടിയാണ് ഭാരതം രൂപം കൊടുത്തത്. ആ അറിവിന്റെ വെളിച്ചത്തിലാണ് ലോകത്തെ പീഡിപ്പിക്കപ്പെട്ട എല്ലാ മതവിഭാഗങ്ങള്‍ക്കും ഇന്ത്യ സ്വാഗതം അരുളിയത്. അത് അറിവിന്റെ വെളിച്ചത്തിലുള്ള ധൈര്യത്തിന്റെ പ്രാര്‍ഥനാചിഹ്നമാണ്. ഇന്ത്യയുടെ ആ സംസ്‌കാരത്തെ ഉദ്ഘോഷിക്കുന്ന ഭരണനേതൃത്വം കൂടിയാണ് ഇന്ന് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നത്.
         

മ്യാന്‍മാറും ഇന്ത്യ കാശ്മീരില്‍ നേരിടുന്നതുപോലുള്ള ഭീകരവാദം നേരിടുന്നുണ്ട്. ആരക്കന്‍സ് റോഹിംഗ്യന്‍ സാല്‍വേഷന്‍ ആര്‍മിയെന്ന തീവ്രവാദ സംഘടന മ്യാന്‍മാറിലെ രഖിനില്‍ നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്നാണ് പട്ടാളം തീര്‍ത്തും പൈശാചികമായ ആക്രമണം നിരാലമ്പരും പരമ്പരയാ ജനിച്ചു വളര്‍ന്ന മണ്ണില്‍ പൗരത്വം പോലുമില്ലാത്ത റോഹിംഗ്യനുകള്‍ക്ക് നേരേ അഴിച്ചുവിട്ടത്. അതാണ് ജീവനും കൊണ്ടാടാന്‍ റോഹിംഗ്യന്‍ മുസ്ലീങ്ങളെ പ്രേരിപ്പിച്ചത് .പൊട്ടിപ്പൊളിഞ്ഞ ബോട്ടുകളിലും മട്ടുവകളിലും കയറി ബംഗ്ലാദേശിലേക്ക് തിരിച്ച് ഒട്ടേറപ്പേര്‍ ഇതിനകം കടലില്‍വീണ് മരിക്കുകയുമുണ്ടായി.
        

തീവ്രവാദത്തിന്റെ പേരിലാണ് ഇന്ത്യ  ചരിത്രത്തിലെ തന്നെ ദയനീയമായ ഈ അഭയാര്‍ഥി പ്രവാഹത്തിന്റെ മുന്നില്‍ മനസ്സു തുറക്കാന്‍ വൈമനസ്യം കാട്ടി നില്‍ക്കുന്നത്. ബംഗ്ലാദേശിലേക്ക് വരുന്ന അഭയാര്‍ഥികളുടെ മാധ്യമങ്ങളില്‍ വന്ന ചിത്രത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ ഒന്ന് കണ്ണോടിക്കേണ്ടതാണ്. ചെരുപ്പും ഉടുപ്പും പോലുമില്ലാത്ത അനേകം പേരെ ആ അഭയാര്‍ഥിക്കൂട്ടത്തില്‍ കാണാം. ഇന്ത്യന്‍ തെരുവുകളിലെ യാചകരെപ്പോലും ഇവ്വിധം കാണാന്‍ കഴിയില്ല. ഒരു നേരം രണ്ടോ മൂന്നോ ബിസ്‌കറ്റോ , ഒരു കഷണം ഉണക്കറൊട്ടിയോ ഒക്കെയാണ് ഇവര്‍ക്ക് കിട്ടുന്നത്. പലായനം ചെയ്ത് ബംഗ്ലാദേശിലേക്ക് കടന്നവര്‍ അതിര്‍ത്തിയിലെ നിരത്തുകളിലാണ് തമ്പടിച്ചിട്ടുള്ളത്. അതില്‍ അനേകം ഗര്‍ഭിണികളും ഉണ്ട്. അവരില്‍ പലരും റോഡരികില്‍ പ്രസവിക്കുന്നു. അവര്‍ക്ക് ആവശ്യമായ പരിരക്ഷയോ വൈദ്യസഹായമോ കിട്ടുന്നില്ലെന്നു മാത്രമല്ല, കുടിക്കാന്‍ വെള്ളവും, അമ്മയെയും കുഞ്ഞിനെയും സംരക്ഷിക്കാന്‍ ചെറിയ തുണിക്കഷണം പോലുമില്ലാത്ത സ്ഥിതിയാണ്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഇവര്‍ തുടര്‍ന്നാല്‍ അവരില്‍ പല അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും സെപ്റ്റിക്ബാധ പിടിച്ച് മരിക്കുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.ദൈന്യമാണ് വൃദ്ധരുടെയും അംഗവൈകല്യമുള്ളവരുടെയും അവസ്ഥ.
          

മനുഷ്യന്‍ നമ്മുടെ വാതില്‍പ്പടിക്കു പുറത്ത് ഇവ്വിധം നരകിക്കുമ്പോള്‍ എങ്ങനെ അതു കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുമെന്നുള്ള പ്രാഥമികമായ ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അന്താരാഷ്ട്ര ഉടമ്പടികളൊക്കെ അവിടെ നില്‍ക്കട്ടെ. ഇന്ത്യയുടെ ചെറിയ സഹായഹസ്തം ഈ അഭയാര്‍ഥികള്‍ക്ക് ലഭിക്കുകയാണെങ്കില്‍ അവര്‍ക്ക് കിട്ടുന്ന ആശ്വാസം വളരെ വലുതായിരിക്കും. മ്യാന്‍മാറില്‍ പൗരത്വം അനുവദിക്കപ്പെടാത്ത റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ പീഡനം നേരിടുന്നത് അവിടുത്തെ ബുദ്ധിസ്റ്റ് നാഷണലിസ്റ്റുകളില്‍ നിന്നാണ്. മ്യാന്‍മാറിലെ റോഹിംഗ്യന്‍ മുസ്ലീങ്ങളുടെ പ്രശ്‌നം പരിഹരിക്കുക എന്നതല്ല ഇപ്പോഴത്തെ അടിയന്തിര വിഷയം, റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ജീവന്‍ നിലനിര്‍ത്താനുള്ള അവസരം ഒരുക്കുക എന്നതു മാത്രമാണ്.
       

ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ആധാരശില ഭീരുത്വമല്ല. ധൈര്യമാണ്. ആക്രമിക്കപ്പെടും എന്ന ചിന്ത അലട്ടുന്ന മാനസിക രോഗമാണ് പാരനോയിയ. അത്തരം രോഗാവസ്ഥ അധികാരത്തിലിരിക്കുന്നവരെ സ്വാധീനിക്കുന്നതാണ് തീവ്രവാദികളെ പേടിച്ച് ജീവന്‍ നിലനിര്‍ത്താന്‍ പോലും കഴിയാതിരിക്കുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ നേര്‍ക്ക് കണ്ണടയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ അഭയാര്‍ഥികള്‍ക്ക് സഹായം ചെയ്യേണ്ടത് മ്യാന്‍മാറല്ല. ഇന്ത്യയാണ്. ഇന്ത്യുടെ കണ്ണു തുറപ്പിക്കാന്‍ വേണ്ടി തന്നെയാണ് ദലൈ ലാമ ബുദ്ധന്‍ ഉണ്ടായിരുന്നെങ്കില്‍ റോഹിംഗ്യനുകളെ സഹായിക്കുമായിരുന്നു എന്നു പറഞ്ഞത്. അഭയാര്‍ഥിയായി ഇന്ത്യയില്‍ തുടര്‍ന്നിട്ടും ദലൈ ലാമ അതിലൂടെ ധൈര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. അതാകട്ടെ ആരെയും മുറിവേല്‍പ്പിച്ചുകൊണ്ടല്ല. പകരം സ്‌നേഹത്തിന്റെ ഭാഷയില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാന്‍.
    

സാങ്കേതികമായി വിശകലനം ചെയ്യുകയാണെങ്കില്‍ ദലൈ ലാമ ഇന്ത്യയെ മുഷിപ്പിക്കുന്ന വിധമല്ല പറഞ്ഞിരിക്കുന്നത്. അതേ സമയം മ്യാന്‍മാറില്‍ ഒരു ബുദ്ധിസ്റ്റുപോലും ഇല്ല എന്നും ലാമ വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു. കാരണം ഈ ന്യൂനപക്ഷം മ്യാന്‍മാറില്‍ പീഡനമേല്‍ക്കുന്നത് അവിടുത്തെ ബുദ്ധിസ്റ്റ് ദേശീയവാദികളില്‍ നിന്നാണ്. ഈ സാഹചര്യത്തില്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളോട് ഇന്ത്യ മാനുഷിക പരിഗണന കാട്ടിയില്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ ശബ്ദം അപ്രസക്തമാവും. മറ്റൊരു വിഷയത്തിലും ഇന്ത്യയ്ക്ക് നിലപാട് സ്വീകരിക്കാന്‍ കഴിയാതെയും വരും. അഭയാര്‍ഥികള്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി പടിപ്പുരവാതിലില്‍ തലതല്ലി അലറിവിളിക്കുമ്പോള്‍ അവര്‍ക്ക് ദാഹജലമെങ്കിലും കൊടുക്കാന്‍ കഴിയാത്ത രാജ്യത്തിന് എന്ത് യോഗ്യത എന്ന ചോദ്യവും അന്താരാഷ്ട്ര തലത്തില്‍ ഉയരും.

 

Tags: