സോളാര്‍ അന്വേഷണം: കോണ്‍ഗ്രസ്സിന്റെ അഡ്‌ജെസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിനുള്ള മറുപടിയെന്ന് വി.ടി ബലറാം

Gint Staff
Thu, 12-10-2017 12:03:08 PM ;
Kochi

 vt balram

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള സര്‍ക്കാര്‍ നടപടി കോണ്‍ഗ്രസ്സിന്റെ അഡ്‌ജെസ്റ്റ്‌മെന്റ്  രാഷ്ട്രീയത്തിനു കിട്ടിയമറുപടിയാണെന്ന് തൃത്താല എം എല്‍ എ വി.ടി ബലറാം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ എല്‍ ഡി എഫിലെ ഉന്നതന്മാരെ രക്ഷിച്ചുകൊണ്ട് അഡ്‌ജെസ്റ്റ്‌മെന്റ് രാഷ്ട്രീയം നടത്തിയ നേതാക്കാന്മാര്‍ക്കുള്ള മറുപടിയായി ഈ അന്വേഷണത്തെ കണ്ടാല്‍ മതി. അന്ന് ടി.പി കേസ് നേരാംവണ്ണം അന്വേഷിച്ച് നടപടിയെടുത്തിരുന്നെങ്കില്‍ നേതാക്കന്മാര്‍ക്ക് ഈ ഗതി വരില്ലായിരുന്നെന്നും ബലറാം ഫേസ്ബുക്കിലൂടെ പറഞ്ഞു.

ഇനിയെങ്കിലും ഈ ഒത്തുതീര്‍പ്പ് രാഷ്ട്രീയമവസാനിപ്പിച്ച് തോമസ് ചാണ്ടിയെപ്പോലുള്ള കാട്ടുകള്ളന്മാരായ ഭരണകര്‍ത്താന്മാര്‍ക്കു നേരെ നീങ്ങാന്‍ നേതാക്കന്മാര്‍ തയ്യാറാവണം. കേന്ദ്രത്തില്‍ ബി.ജെ.പിയുടെ പ്രഖ്യാപിത നയമാണ് കോണ്‍ഗ്രസ്സ് മുക്ത ഭാരതമെങ്കില്‍ കേരളിത്തിലത് സി പി എമ്മിന്റ അപ്രഖ്യാപിത നയമാണെന്നും ബലറാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

 

"സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ്‌ ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാർ അന്വേഷണക്കമ്മീഷൻ റിപ്പോർട്ടിന്മേൽ കോൺഗ്രസ്‌ നേതാക്കൾക്കെതിരായ തിരക്കുപിടിച്ച നടപടികൾ. വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപ്പോർട്ടിനുണ്ടെന്ന് ഇപ്പോഴത്തെ സൂചനകൾ വെച്ച്‌ അനുമാനിക്കാൻ കഴിയുന്നതല്ല.

 

ഏതായാലും കോൺഗ്രസ്‌ നേതാക്കളെ സംബന്ധിച്ച്‌ ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ്‌ നേരാംവണ്ണം അന്വേഷിച്ച്‌ മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച്‌ ഒത്തുതീർപ്പുണ്ടാക്കിയതിന്‌ കിട്ടിയ പ്രതിഫലമായി കണക്കാക്കിയാൽ മതി. ഇനിയെങ്കിലും അഡ്‌ജസ്റ്റ്‌മെന്റ്‌ രാഷ്ട്രീയം അവസാനിപ്പിച്ച്‌ തോമസ്‌ ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളൻ മന്ത്രിമാർക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസ്‌ നേതാക്കന്മാർ തയ്യാറാകണം.

 

'കോൺഗ്രസ്‌ മുക്ത്‌ ഭാരത്‌' എന്നത്‌ ദേശീയതലത്തിലെ ആർഎസ്‌എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കിൽ "കോൺഗ്രസ്‌ മുക്ത കേരളം" എന്നതാണ്‌ ഇവിടത്തെ സിപിഎമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പിൽ ബിജെപിയെ വിരുന്നൂട്ടി വളർത്തി സർവ്വമേഖലകളിലും പരാജയപ്പെട്ട സർക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ്‌‌ ഇന്ന് കേരളം ഭരിക്കുന്നവർ ആഗ്രഹിക്കുന്നത്‌ എന്ന് തിരിച്ചറിഞ്ഞ്‌ തിരിച്ചടിക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്ക്‌ കഴിയേണ്ടതുണ്ട്‌."

Tags: