തോമസ് ചാണ്ടി വിഷയം: മുഖ്യമന്ത്രി എ.ജി യോട് നിയമോപദേശം തേടി

Glint staff
Wed, 25-10-2017 12:31:17 PM ;
Thiruvananthapuram

Thomas Chandy

ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുമായിന്ധപ്പെട്ട ഭൂമി കൈയ്യേറ്റ വിഷയത്തില്‍ മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. തോമസ് ചാണ്ടി വിഷയം ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം പരിഗണിച്ചില്ല. തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ റവന്യൂ മന്ത്രിയ്ക്ക് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ മന്ത്രിസഭ ഈ വിഷയം ചര്‍ച്ചചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.ഇതേസമയം മന്ത്രിസഭാ യോഗത്തിനു മുമ്പ് തോമസ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

 

ഈ വിഷയത്തില്‍ റവന്യൂ  മന്ത്രിയും വകുപ്പ് സെക്രട്ടറിയും രണ്ട് തട്ടിലാണെന്നാണ് വിവരം.കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ കര്‍ശന നടപടി വേണമെന്നാണ് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിലപാട്. എന്നാല്‍ നപടിയിലേക്ക് നീങ്ങുന്നത് സാവധാനം മതിയെന്ന അഭിപ്രായമാണ് റവന്യൂ സെക്രട്ടറി പി എച്ച് കുര്യന്. കളക്ടറുടെ റിപ്പോര്‍ട്ട് മാത്രംനോക്കി മുന്നോട്ടുപോകാതെ ഡേറ്റാ ബാങ്കും ഉപഗ്രഹ ചിത്രങ്ങളും പരിശോധിച്ച് കൈയ്യേറ്റം നടന്നിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും കൂടുതല്‍ നിയമോപദേശം തേടണമെന്നുമാണ് സെക്രട്ടറി പറയുന്നത്.

 

റിപ്പോര്‍ട്ട്  ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മുന്നിലാണുള്ളത് അദ്ദേഹമാണ് ഈ വിഷയത്തില്‍ തോമസ് ചാണ്ടിയുടെ രാജി അടക്കമുള്ള അന്തിമ തീരുമാനം എടുക്കേണ്ടത്.എന്തായാലും വിഷയത്തില്‍ ഉടനടി തീരുമാനമുണ്ടാകില്ലെന്നാണ് അറിയുന്നത്.

 

Tags: