നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്

Gint Staff
Fri, 03-11-2017 03:55:39 PM ;
Kochi

dileep

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യ പ്രതിയായ നടന്‍ ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്തു നല്‍കി. കേസില്‍ തന്നെ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്കും എഡിജിപി സന്ധ്യയും ചേര്‍ന്ന് കുടുക്കിയതാണെന്നും ദിലീപ് കത്തില്‍ പറയുന്നുണ്ട്.

 

രണ്ടാഴ്ച മുന്‍പാണ് ദിലീപ് 12 പേജുള്ള കത്ത്് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചത്. ബെഹ്‌റയും സന്ധ്യയും ഗൂഢാലോചന നടത്തിയെന്നും  കേസില്‍ തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും നേരായ അന്വേഷണം നടത്തിയിട്ടില്ലെന്നും കത്തില്‍ ദിലീപ് ആരോപിക്കുന്നു.

 

കേസില്‍ മുഖ്യപ്രതിയായി ജയിലില്‍ കിടക്കുന്ന പള്‍സര്‍ സുനി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പരാതിയുമായി എത്തിയ തന്നെ ഒടുവില്‍ പ്രതിയാക്കി മാറ്റുകയായിരുന്നു. എല്ലാ വിവരങ്ങളും ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിട്ടും താന്‍ നല്‍കിയ പരാതിയില്‍ യാതൊരുവിധ അന്വേഷണവും നടത്തിയില്ല, പദവിക്ക് യോജിക്കാത്ത പ്രവര്‍ത്തനമാണ് ബെഹ്‌റയില്‍ നിന്നും ഉണ്ടായതെന്നും ദിലീപ് കത്തില്‍ പറയുന്നു.

 

നിലവില്‍ കേസന്വേഷിക്കുന്ന  ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റിനിര്‍ത്തി വീണ്ടും അന്വേഷണം നടത്തണം. ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജ്, ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശന്‍, ഡിവൈഎസ്പി സോജന്‍ വര്‍ഗീസ്, ആലുവ സിഐ ബൈജു പൗലോസ് എന്നിവരെ കേസ് അന്വേഷണത്തില്‍നിന്നു മാറ്റിനിര്‍ത്തണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിട്ടുണ്ട്.

 

Tags: