ഓഖി ചുഴലിക്കാറ്റ്: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം

Glint staff
Sat, 02-12-2017 01:16:04 PM ;
Thiruvananthapuram

Pinarayi vijayan

ഓഖി ചുഴലിക്കാറ്റിനിരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കടല്‍ക്ഷോഭത്തിലും മഴക്കെടുതിയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. പരിക്കേറ്റവര്‍ക്ക് 20,000 രൂപ ധനസഹായവും സൗജന്യ ചികിത്സയും നല്‍കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. അപടകത്തില്‍ പെടുന്നവര്‍ക്ക് മത്സ്യബന്ധന വകുപ്പ് നല്‍കുന്ന സഹായത്തിന്  പുറമെയാണ് ഈ നഷ്ടപരിഹാരമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

ബോട്ടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ രീതിയില്‍ നഷ്ടപരിഹാരം നല്‍കുമെന്നും ദുരിതബാധിതര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുളില്‍ കഴിയുന്നവര്‍ക്ക് വൈദ്യസഹായം ആവശ്യമാണെങ്കില്‍ അത് ഉറപ്പു വരുത്തും. സംസ്ഥാനത്ത് ആകെ ഉണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുത്തു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

രക്ഷാപ്രവര്‍ത്തനം തൃപ്തികരമാണെന്നും കോസ്റ്റ് ഗാര്‍ഡിന്റേയും നാവികസേനയുടെയും വ്യോമസേനയുടെയും പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനവും കാര്യക്ഷമാണെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഉണ്ടായാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഫലപ്രദമായ മുന്നറിയിപ്പ് നല്‍കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

Tags: