ജിഷ കേസ്: അമീറുള്‍ ഇസ്ലാമിന് വധശിക്ഷ

Glint staff
Thu, 14-12-2017 05:42:33 PM ;
Kochi

jisha case verdict

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ. നിയമ വിദ്യാര്‍ത്ഥിയായിരുന്ന പെരുമ്പാവൂര്‍ വട്ടോളിപ്പടി സ്വദേശി ജിഷയെ ക്രൂരമായി  ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. അതിക്രൂരവും സമനതകളില്ലാത്തതുമായ കൃത്യമാണ് പ്രതിയുടെ എന്ന് നിരീക്ഷിച്ച കോടതി ജീവപര്യന്തവും തൊണ്ണൂറ്റോരായിരം രൂപ പിഴയും വധശിക്ഷക്കൊപ്പം വിധിച്ചിട്ടുണ്ട്.

 

പ്രതിക്കെതിരായ കുറ്റങ്ങള്‍

ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 376 (ബലാത്സംഗം) , 376 (എ) (പീഡനത്തിനായി ആയുധം ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് പരിക്കേല്‍പിക്കല്‍), 342 (അന്യായമായി തടഞ്ഞുവെക്കുക), 449 (വീട്ടില്‍ അതിക്രമിച്ചു കടക്കുക) എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് ശിക്ഷ. കേസില്‍ അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു.

 

ശിക്ഷ ഇങ്ങനെ

ഐപിസി 302 വകുപ്പു പ്രകാരമാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ഐപിസി 376 വകുപ്പു പ്രകാരം മാനഭംഗത്തിന് ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയും, ഐസിപി 376 എ പ്രകാരം മരണകാരണമായ പീഡനക്കുറ്റത്തിന് 10 വര്‍ഷം കഠിനതവും പിഴയും, ഐപിസി 449 പ്രകാരം അന്യായമായി തടഞ്ഞുവച്ചതിന് ഏഴു വര്‍ഷം കഠിനതടവ്, വീട്ടില്‍ അതിക്രമിച്ചു കടന്നതിന് ഒരു വര്‍ഷം തടവും 1000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ.

 

പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുള്‍ ഇസ്ലാം വീട്ടില്‍ അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയെന്നാണു കേസ്. കുറ്റകൃത്യം നടന്ന് 19 മാസം പിന്നിടുമ്പോഴാണു പ്രതിക്കു കോടതി ശിക്ഷ വിധിച്ചത്. കേസ് അന്വേഷിച്ച സംഘാംഗങ്ങളും ജിഷയുടെ അമ്മ രാജേശ്വരി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു.

 

 

അതിക്രൂരവും അത്യപൂര്‍വവുമായ കുറ്റം ചെയ്ത പ്രതിക്കു വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിക്കെതിരെ ദൃക്‌സാക്ഷികളില്ലെന്നും ശാസ്ത്രീയ തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നും പ്രതിയുടെ പ്രായം കണക്കിലെടുക്കണമെന്നും വാദിച്ച പ്രതിഭാഗം ശിക്ഷ അനുഭാവ പൂര്‍വമാവണമെന്നും അഭ്യര്‍ഥിച്ചു. സംഭവത്തില്‍ അമീറുള്‍ കുറ്റക്കാരനാണെന്നു വിചാരണ കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.

 

2016 ഏപ്രില്‍ 28നു വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍ വച്ചാണ് ജിഷ  കൊല്ലപ്പെട്ടത്. ഒന്നര മാസത്തോളം കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ അമീറുള്‍ ഇസ്‌ലാമിനെ 2016 ജൂണ്‍ 14ന് കേരളാ തമിഴ്‌നാട് തിര്‍ത്തിയില്‍നിന്നാണു പൊലീസ് സംഘം പിടുകൂടിയത്. ജിഷയുടെ വീടിനു സമീപത്തെ വാടകക്കെട്ടിടത്തിലായിരുന്നു പ്രതി കഴിഞ്ഞിരുന്നത്.

 

കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി അമീര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. ജിഷ എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയ ശേഷം മാനഭംഗപ്പെടുത്തി സ്വകാര്യ ഭാഗങ്ങള്‍ കത്തികൊണ്ടു മുറിവേല്‍പ്പിച്ചു. ഡിഎന്‍എ പരിശോധനാ ഫലങ്ങളുടെയും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ അമീറിനെതിരായ കുറ്റങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.

 

 

Tags: