ലാവ്‌ലിന്‍ കേസ്: വിചാരണയ്ക്ക് സ്റ്റേ; പിണറായി വിജയന് നോട്ടീസ്

Glint staff
Thu, 11-01-2018 01:10:53 PM ;
Delhi

Pinarayi-vijayan 

ലാവ്‌ലിന്‍ കേസിലെ പ്രതികളുടെ വിചാരണ സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കെ.എസ്.ഇ.ബി. മുന്‍ ഉദ്യോഗസ്ഥരായ കസ്തൂരി രംഗ അയ്യര്‍, ആര്‍. ശിവദാസന്‍, കെ.ജി. രാജശേഖരന്‍ നായര്‍ എന്നിവരുടെ വിചാരണക്കാണ് സ്റ്റേ.

 

പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സി.ബി.ഐ നല്‍കിയ അപ്പീലിലാണ് സുപ്രിം കോടതി തീരുമാനം. സി.ബി.ഐയുടെ ഹര്‍ജിയും, തങ്ങളെ വിവേചനപരമായി പ്രതിചേര്‍ത്തെന്ന് പറഞ്ഞ് കസ്തൂരി രംഗ അയ്യര്‍, ആര്‍. ശിവദാസന്‍, കെ.ജി. രാജശേഖരന്‍ നായര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയും കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു.

 

ഇതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്നു പേര്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചു. പിണറായിക്ക് പുറമെ കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട എ.ഫ്രാന്‍സിസ്, മോഹന ചന്ദ്രന്‍ എന്നിവര്‍ക്കാണ്‌നോട്ടീസയച്ചത്. ഇവര്‍ക്കെതിരേ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സി.ബി.ഐ. വാദം.

 

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവ്‌ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടെന്നതാണ് കേസ്.

 

Tags: