നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നല്‍കില്ല; ദിലീപിന്റെ ഹര്‍ജി തള്ളി

Glint staff
Wed, 07-02-2018 01:05:50 PM ;
Angamaly

dileep

നടിയെ ആക്രമിച്ച കേസിലെ ആക്രമണ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റാനും കോടതി തീരുമാനിച്ചു.നേരത്തെ ഈ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതായി സംശയമുണ്ടെന്നും അതിനാല്‍ കൂടുതല്‍ പരിശോധനക്കായി ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നും ആവശ്യപ്പെട്ടാണ്  ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

 

എന്നാല്‍ ആക്രമണ ദൃശ്യങ്ങള്‍ ദിലീപിന് വിട്ടുനല്‍കിയാല്‍ അത് പരസ്യമാകാനും നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ദുരുപയോഗം ചെയ്യാനുമുള്ള സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.  പ്രോസിക്യൂഷന്റെ ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ദൃശ്യങ്ങള്‍ വിട്ടുനല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്.

 

കേസുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളുടെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ കോടതി അംഗീകരിക്കുകയും, ഫോണ്‍ രേഖകളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും അടക്കമുള്ള തെളിവുകള്‍ കൈമാറുകയും ചെയ്തിരുന്നു.

 

Tags: