വിശദീകരണം തൃപ്തികരമല്ല; ജേക്കബ് തോമസിനെതിരെ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട്

Glint staff
Mon, 12-02-2018 06:11:36 PM ;
Thiruvananthapuram

jacob_thomas

ഡി.ജി.പി ജേക്കബ് തോമസിനെതിരായ അച്ചടക്ക നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ച സംഭവത്തില്‍ ജേക്കബ് തോമസ് നല്‍കിയ വിശദീകരണം തള്ളി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. സംഭവത്തെ തുടര്‍ന്ന് നേരത്തെ ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്തിരുന്നു.

 

ലോക അഴിമതിവിരുദ്ധ ദിനത്തോടനുബന്ധിച്ച് തിരുവന്തപുരം പസ്‌ക്ലബില്‍ നടന്ന പരിപാടിയിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നും അഴിമതിക്കെതിരെ പ്രതികരിക്കാന്‍ ജനം ഭയക്കുന്നു എന്നുമൊക്കെയാണ് ജേക്കബ് തോമസ് പറഞ്ഞത്.

 

അച്ചടക്ക നടപടി സ്വീകരിച്ച ശേഷം ജേക്കബ് തോമസിന് നല്‍കിയ മെമ്മോയില്‍ അദ്ദേഹം നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. വിമര്‍ശനങ്ങളില്‍ ഉറച്ച് നിന്നുകൊണ്ടുള്ള മറുപടിയാണ്‌ജേക്കബ് തോമസ് നല്‍കിയിരുന്നത്.

 

ഓഖിയില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമായി പരസ്യപ്പെടുത്തിയിരുന്നില്ലെന്നും മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനപ്പെടുത്തിയാണ് താന്‍ നിലപാട് വ്യക്തമാക്കിയതെന്നുമായിരുന്നു ജേക്കബ്‌തോമസിന്റെ വിശദീകരണം.

 

Tags: