സമരം പൊളിയുന്നു; തിരുവനന്തപുരത്ത് സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങി

Glint staff
Mon, 19-02-2018 04:50:48 PM ;
Thiruvananthapuram

Private-Bus

സംസ്ഥാനത്ത് നാല് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പൊളിയുന്നു. തിരുവനന്തപുരത്ത് ഇന്ന് രാവിലെ ചില സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയിരുന്നു. എന്നാല്‍ ഉച്ച കഴിഞ്ഞതോടെ കൂടുതല്‍ ബസുകള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. സമരം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ ബസ്സുടമകള്‍ രണ്ട് തട്ടിലായിരിക്കുകയാണ്. ഒരു ബസ് മാത്രം ഉള്ളവര്‍ക്ക് നിരക്ക് വര്‍ദ്ധിപ്പിച്ച ശേഷവും തുടരുന്ന സമരത്തിനോട് എതിരഭിപ്രായമാണുള്ളത്.

 

സമരം ചെയ്യുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത കമ്മീഷണര്‍ ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ബസ്സുകള്‍ ഓടിതുടങ്ങിയിരിക്കുന്നത്. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷം, വ്യക്തമായ മറുപടിയല്ല കിട്ടുന്നതെങ്കില്‍  പെര്‍മിറ്റ് റദ്ദാക്കാനായിരുന്നു തീരുമാനം.

 

തിരുവനന്തപുരത്തിന് പിന്നാലെ സംസ്ഥാനത്തെ പലയിടത്തും ഒറ്റപ്പെട്ട സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. തൃശൂരില്‍ സ്വകാര്യ ബസുകളുടെ നിരക്കില്‍ തന്നെ ടൂറിസ്റ്റ് ബസുകള്‍ ഇന്ന് സര്‍വീസ് നടത്തുന്നുണ്ട്.

 

Tags: