ജയരാജനും സതീശന്‍ പാച്ചേനിയും തമ്മില്‍ വാക്കേറ്റം; യു.ഡി.എഫ് സമാധാനയോഗം ബഹിഷ്‌കരിച്ചു

Glint staff
Wed, 21-02-2018 12:35:26 PM ;
Kannur

 peace-meeting

ഷുഹൈബ് വധത്തെ തുടര്‍ന്ന് മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ വിളിച്ച് ചേര്‍ത്ത സമാധാനയോഗം യു.ഡി.എഫ്  ബഹിഷ്‌കരിച്ചു.യു.ഡി.എഫ് ജനപ്രതിനിധികളെ യോഗത്തിലേക്ക് വിളിക്കാത്തതാണ് ബഹിഷ്‌കരണത്തിന് കാരണം. സമാധാനയോഗം ആരംഭിച്ചപ്പോള്‍ തന്നെ കെ കെ രാഗേഷ് എം.പിയെ വിളിക്കുകയും യു.ഡി.എഫ് എം.എല്‍.എമാരെ പങ്കെടുപ്പിക്കാതിരിക്കുന്നതിനെയും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ചോദ്യം ചെയ്തു. തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും പാച്ചേനിയും തമ്മില്‍ രുക്ഷമായ തര്‍ക്കമുണ്ടായി.

 

തുടര്‍ന്ന്, യോഗം നടക്കുന്ന മുറിക്ക് പുറത്ത് നില്‍ക്കുകയായിരുന്ന യു.ഡി.എഫ് എം.എല്‍.എമാരായ കെ.സി ജോസഫ്, കെ.എം. ഷാജി, സണ്ണി ജോസഫ്എന്നിവര്‍ യോഗ സ്ഥലത്തേക്ക് പ്രവേശിച്ച് തങ്ങളെ വിളിക്കാത്തതില്‍ പ്രതിഷേധം അറിയിച്ചു. നാളിത് വരെ കണ്ണൂരില്‍ നടന്ന സമാധാനയോഗത്തില്‍ ഏതിലെങ്കിലും എം.എല്‍.എമാരെ വിളിക്കാത്ത സംഭവം ഉണ്ടായിട്ടുണ്ടോയെന്ന് അവര്‍ ചോദിച്ചു. പാര്‍ട്ടി പ്രതിനിധിയായിട്ടാണ് കെ.കെ രാഗേഷ് സ്ഥലത്തെത്തിയതെന്ന് എ.കെ ബാലന്‍ പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാന്‍ യു.ഡി.എഫ് തയ്യാറായില്ല.

 

സതീശന്‍ പാച്ചേനിയുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി പറയുന്നിതിന് പകരം പി. ജയരാജന്‍ മറുപടി പറഞ്ഞത് തര്‍ക്കം വഷളാക്കി. തുടര്‍ന്ന് യു.ഡി.എഫ് യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു. മന്ത്രി എ.കെ ബാലന് പുറമെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.കെ രാഗേഷ്, കളക്ടര്‍, എസ്.പി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Tags: