അതിരപ്പിള്ളിയില്‍ കാട്ടുതീ: 30 ഹെക്ടര്‍ വനം കത്തിനശിച്ചു

Glint staff
Tue, 13-03-2018 01:26:38 PM ;
chalakudy

forest-fire

തമിഴ് നാട്ടിലെ തേനിക്ക് പിന്നാലെ കേരളത്തിലെ വനമേഖലയിലും കാട്ടുതീ. ചാലക്കുടി, വാഴച്ചാല്‍ വനം ഡിവിഷനുകള്‍ക്ക് കീഴിലെ അതിരപ്പിള്ളി പിള്ളപ്പാറയിലും, വടാമുറിയിലുമാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ കാട്ടുതീ പടര്‍ന്നത്.തീ അണയ്ക്കാനായി വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രാവിലെ മുതല്‍ ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ പൂര്‍ണ്ണമായും തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ തീ നിയന്ത്രണ വിധേയമാണ്.

 

അതേസമയം, കൊന്നക്കുഴി, ചായ്പ്പന്‍കുഴി, കൊടപ്പന്‍കല്ല് എന്നിവടങ്ങളിലെ കാട്ടുതീ പൂര്‍ണ്ണമായും കെടുത്തിയെന്നാണ് വിവരം. ഇവിടങ്ങളില്‍ മുപ്പത് ഹെക്ടറോളം വരുന്ന അടിക്കാട് പൂര്‍ണ്ണമായും കത്തിനശിച്ചു. ഉണങ്ങി നിന്നിരുന്ന വന്‍ മരങ്ങള്‍ക്കും തീ പിടിച്ചിട്ടുണ്ട്. കാട്ടുതീക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

 

വനമേഖലയിലേക്ക് വെള്ളം എത്തിക്കാന്‍ സാധിക്കാത്തതും ചെങ്കുത്തായ മലകളും പാറകളുമാണ് തീ അണയ്ക്കല്‍ ശ്രമത്തിന് തടസ്സം സൃഷ്ടിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള 60 അംഗ സംഘമാണ് തീ അണയ്ക്കുന്നതിനായി കാട്ടിലുള്ളത്.

 

 

Tags: