കേരളതീരത്ത് തീവ്രന്യൂനമര്‍ദം; കനത്ത കാറ്റിനും മഴയ്ക്കും സാധ്യത

Glint staff
Tue, 13-03-2018 02:42:48 PM ;
Thiruvananthapuram

 rain

തിരുവനന്തപുരത്തിന് 390 കിലോ മീറ്റര്‍ തെക്കുപടിഞ്ഞാറായി കടലില്‍ ന്യൂനമര്‍ദം ശക്തിപ്പെട്ടതിനെ തുടര്‍ന്ന്  കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളത്തില്‍ കാറ്റിന് 65 കിലോമീറ്റര്‍ വേഗതയും തിരമാലകള്‍ മൂന്ന് മീറ്റര്‍ ഉയരാനും സാധ്യതയുണ്ട്.

 

തീര പ്രദേശങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജാഗ്രതാ നിര്‍ദേശം നല്‍കിയ മേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ ആരും കടലില്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് പുറംകടലില്‍ പോയവരെ തിരിച്ചെത്തിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

 

പുറംകടലില്‍ ഉള്ളവരെ തിരിച്ചെത്തിക്കാന്‍ കോസ്റ്റ്ഗാര്‍ഡിന്റെയും നേവിയുടെയും സേവനം ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരന്തരം നിരീക്ഷിക്കാന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മഴ ശക്തമായാല്‍ നഗരങ്ങളില്‍ പലയിടത്തും വെള്ളക്കെട്ട് ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ നഗരസഭകളും പൊതുമരാമത്ത് വകുപ്പും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

Tags: