ജിഷയുടെ അമ്മയ്ക്ക് നല്‍കിവന്ന പോലീസ് സുരക്ഷ പിന്‍വലിച്ചു

Glint staff
Tue, 13-03-2018 05:03:28 PM ;
Perumbavoor

jisha-mother

പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിക്ക് നല്‍കിവന്ന പോലീസ് സുരക്ഷ  പിന്‍വലിച്ചു. ജിഷയുടെ കൊലപാതകത്തെതുടര്‍ന്ന് 24 മണിക്കൂറും രണ്ട് വനിതാ പോലീസുകാരുടെ കാവലാണ് രാജേശ്വരിക്ക് ഏര്‍പ്പെടുത്തിയിരുന്നത്. രാജേശ്വരിയുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ സുരക്ഷാ ജോലി ഒഴിവാക്കണമെന്ന് വനിതാ പോലീസുകാര്‍ ഒന്നിച്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

 

കോടനാട് സ്റ്റേഷന്‍ പരിധിയിലുള്ള ഇവരുടെ വീട്ടിലും ഇവര്‍ പോകുന്ന ഇടങ്ങളിലൊക്കെയും പൊലീസുകാര്‍ കൂടെ പോകുന്നതായിരുന്നു പതിവ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരെയായിരുന്നു സുരക്ഷാ ചുമതലയില്‍ ഏര്‍പ്പെടുത്തിയിരുന്നത്.

 

പോലീസുകാരോടുള്ള രാജേശ്വരിയുടെ പെരുമാറ്റത്തെക്കുറിച്ച് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. പറയുന്ന കാര്യങ്ങള്‍ ചെയ്ത് നല്‍കിയില്ലെങ്കില്‍ പൊലീസുകാര്‍ക്ക് എതിരായി പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. വീട്ടുജോലിയും രാജേശ്വരിയുടെ മുടി ചീകികെട്ടി നല്‍കാന്‍ വരെ നിര്‍ബന്ധിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

ജിഷയുടെ മരണത്തിന്റെ പേരില്‍ ലഭിച്ച പണം രാജേശ്വരി ധൂര്‍ത്തടിക്കുകയായിരുന്നെന്നും ആരോപണമുയര്‍ന്നിരുന്നു.  

 

 

Tags: