ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്

Glint staff
Thu, 22-03-2018 12:53:19 PM ;
Thiruvananthapuram

 karyavattom-sports-hub

pic credit-Media One

നംവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. കായികമന്ത്രി എ.സി.മൊയ്തീനുമായി കെ.സി.എ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അണ്ടര്‍ 17 ലോകകപ്പി വേണ്ടി കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിച്ച ടര്‍ഫ് പൊളിക്കാന്‍ സമ്മതിക്കില്ലെന്ന മന്ത്രിയുടെ നിലപാട് യോഗത്തില്‍ നിര്‍ണായകമായി.

 

കൊച്ചിയില്‍ ക്രക്കറ്റ് നടത്താനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്നുണ്ടായത്.നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉപ്പടെയുള്ളവര്‍ ഫുട്‌ബോള്‍ ടര്‍ഫ് പൊളിക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. കൊച്ചി സ്റ്റേഡിയത്തിലെ ഫുട്‌ബോള്‍ ടര്‍ഫ് അത് പോലെ നിലനിര്‍ത്തണമെന്നും, തിരുവനന്തപുരത്ത് എല്ലാ സൗകര്യങ്ങളുമുള്ള ക്രിക്കറ്റ് സ്‌റ്റേഡിയമുള്ളപ്പോള്‍ ഫിഫയുടെ അംഗീകാരമുള്ള മൈതാനം പൊളിക്കരുതെന്നും സികെ വിനീത്, റിനോ ആന്റോ, ഇയാന്‍ ഹ്യൂം, സുനില്‍ ഛേത്രി എന്നീ ഫുട്‌ബോള്‍ താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു.

 

തത്കാലം ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് നടക്കട്ടേയെന്നും ഭാവിയില്‍ കൊച്ചിയിലും മത്സരം നടത്തുന്ന കാര്യം പരിഗണിക്കാമെന്നുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞതെന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. കൊച്ചി വേദി ക്രിക്കറ്റിന് സ്ഥിരമായി നഷ്ടപ്പെടുമോ എന്നായിരുന്നു കെ.സി. എയുടെ ആശങ്ക.

 

കൊച്ചി സ്റ്റേഡിയത്തില്‍ ബര്‍മുഡ ഗ്രാസാണുള്ളതെന്നും അതുകൊണ്ട് അവിടെ ക്രിക്കറ്റും ഫുട്‌ബോളും ഒരുപോലെ നടത്താന്‍ കഴിയുമെന്നുമാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ടൂര്‍ണമെന്റ് ഡയറക്ടറായിരുന്ന ഹാവിയര്‍ സെപ്പി പറഞ്ഞ കാര്യം ജയേഷ് ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ തന്നെ നേരത്തെ ക്രിക്കറ്റും ഫുട്‌ബോളും ഒന്നിച്ച് നടത്തിയിട്ടുണ്ട്. 2014ല്‍ ഇന്ത്യവെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് കഴിഞ്ഞ് ഇരുപത്തിയൊന്ന് ദിവസം കഴിഞ്ഞപ്പോള്‍ അവിടെ ഫുട്‌ബോള്‍ മത്സരവും നടത്തിയിരുന്നുജയേഷ് പറഞ്ഞു.

 

 

Tags: