നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എന്തിനെന്ന് ഹൈക്കോടതി

Glint staff
Mon, 26-03-2018 04:39:59 PM ;
Kochi

dileep

നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി. പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ സുപ്രധാന ചോദ്യം. ദൃശ്യങ്ങള്‍ ഇതിന് മുമ്പ് കണ്ടതല്ലേയെന്നും ദിലീപിന്റെ അഭിഭാഷകനോട് കോടതി ആരാഞ്ഞു.

 

പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത ശേഷം ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് ക്രൂരമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പുറത്തുവിടാന്‍ കഴിയാത്ത ദൃശ്യങ്ങളാണ് അവ, പ്രതിയുടെ ആവശ്യത്തേക്കാള്‍ വലുതാണ് ഇരയുടെ സ്വീകാര്യത. ദിലീപ് ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കാന്‍ വേണ്ടിയാണെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ പറഞ്ഞു.

 

അതേസമയം, ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതായി സംശയിക്കുന്നുണ്ടെന്നും ഇക്കാര്യം പരിശോധിക്കാനാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളിലെ സ്ത്രീശബ്ദവും പുരുഷ ശബ്ദങ്ങളും തമ്മിലുള്ള തീവ്രതയില്‍ വ്യത്യാസമുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ പോലീസ് മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.

 

മറ്റന്നാള്‍ വീണ്ടും കേസിലെ വാദം തുടരും.

 

Tags: