നിപ്പാ വൈറസിന്റെ ഉറവിടം വവ്വാലല്ലെന്ന് പരിശോധനാഫലം

Glint Staff
Fri, 25-05-2018 08:09:07 PM ;
Thiruvananthapuram

nipah virus, bat

നിപ്പാ വൈറസ് പകര്‍ന്നത് വവ്വാലില്‍ നിന്നല്ലെന്ന് പരിശോധനാ ഫലം. ആദ്യം നിപ്പാ ബാധ കണ്ടെത്തിയ സാബിത്തിന്റെ വീട്ടിലെ കിണറ്റിലെ വവ്വാലുകളുടെ സാമ്പിള്‍ ഭോപ്പാലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇവിടെ നിന്നും കണ്ടെത്തിയ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചില്ല.

 

വവ്വാലിന് പുറമെ പന്നി, പശു, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ സാമ്പിളുകളും പരിശോധനക്കയച്ചിരുന്നു. എന്നാല്‍ ഇവയുടെ ഫലവും നെഗറ്റീവാണ്. നേരത്തെ നിപ്പ വൈറസ് പരത്തുന്നത് വവ്വാലാണെന്നായിരുന്നു ലോകാരോഗ്യ സംഘടന വരെ വിലയിരുത്തിയിരുന്നത്. ഇതുവരെ ഈ രോഗം പകര്‍ന്ന എല്ലായിടത്തും വവ്വാലാണ് ഇത് പരത്തിയിട്ടുള്ളത്. അതു കൊണ്ടാണ് ഇവിടേയും അത് സംശയിച്ചത്. രോഗബാധ ആദ്യമുണ്ടായെന്നു സംശയിക്കുന്നയാളുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുണ്ടായിരുന്നു.

 

കൂടുതല്‍ പരശോധനയ്ക്കായി നാളെ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ളവര്‍ കോഴിക്കോടെത്തും. ഈ സംഘം പഴങ്ങള്‍ ഭക്ഷിച്ചു ജീവിക്കുന്ന വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുമെന്നാണ് വിവരം. ആദ്യരോഗിയാണെന്നു കരുതുന്ന സാബിത്ത് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന കാര്യവും പരിശോധിച്ചു വരികയാണ്.

 

മലേഷ്യയില്‍ നിന്ന് കൊണ്ടുവന്ന മരുന്ന് രോഗികള്‍ക്ക് കൊടുത്ത് തുടങ്ങിയിട്ടുണ്ട്. നിപ്പാ വൈറസിനുള്ള 50 ഡോസ് മരുന്നുകള്‍ ഓസ്ട്രേലിയയില്‍ നിന്നും എത്തിച്ചിട്ടുണ്ടെന്ന് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

 

 

Tags: