ബിഷപ്പിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു; നിയമ നടപടിയുമായി മുമ്പോട്ട്: കന്യാസ്ത്രീ

Glint Staff
Sat, 30-06-2018 03:21:35 PM ;
Kottayam

nun

representational image

സീറോ മലബാര്‍ സഭയിലെ ജലന്ധര്‍ ബിഷപ്പിനെതിരെ ഉന്നയിച്ച ബലാത്സംഗ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കന്യാസ്ത്രീ. ബിഷപ്പിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഇപ്പോള്‍ പരസ്യ പ്രതികരണത്തിനില്ലെന്നും പരാതി നല്‍കിയ കന്യാസ്ത്രീ വ്യക്തമാക്കി.

 

സഭാ നേതൃത്വത്തിനും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. പോലീസ് മൊഴിയെടുക്കുകയും ചെയ്തു. അതുകൊണ്ട് ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ല. സമയോചിതമായി വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

 

കന്യാസ്ത്രീയുടെ പരാതിയെ തുടര്‍ന്ന് മലയാളിയായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കഴിഞ്ഞ ദിവസം കുറവിലങ്ങാട് പോലീസ് കേസെടുത്തിരുന്നു.  2014 മെയ് മാസം എറണാകുളത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാനത്തിയ ബിഷപ്പ് താമസത്തിനായി കുറവിലങ്ങാട്ടെ ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. പിറ്റേന്നും പീഡനത്തിനിരയാക്കി. പിന്നീട് പലതവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് കന്യാസ്ത്രീ മൊഴി നല്‍കിയിരിക്കുന്നത്.

 

പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനുമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

 

Tags: