ബോട്ടിലിടിച്ച കപ്പല്‍ എം.വി ദേശ ശക്തി തന്നെയെന്ന് സ്ഥിരീകരിച്ചു; ക്യാപ്റ്റനടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

Glint Staff
Tue, 14-08-2018 05:18:58 PM ;
Mangalore

ship

മുനമ്പത്തിന് സമീപം മത്സ്യബന്ധന  ബോട്ടിലിടിച്ചത് ഇന്ത്യന്‍ കപ്പല്‍ എം.വി ദേശ ശക്തി തന്നെയെന്ന് സ്ഥിരീകരിച്ചു. കപ്പലിന്റെ ക്യാപ്റ്റനെയും സംഭവ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ടു ജീവനക്കാരെയും മംഗളൂരു തുറമുഖത്തു വച്ച് കൊച്ചി മട്ടാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തിക്കും.

 

ക്രൂഡ് ഓയില്‍ കൊണ്ടുവരുന്നതിനായി ചെന്നൈയില്‍നിന്ന് ഇറാനിലേക്കു പോകവേയാണ് കപ്പല്‍ ബോട്ടില്‍ ഇടിച്ചത്. എന്നാല്‍ തങ്ങള്‍ ബോട്ടില്‍ ഇടിച്ചിട്ടില്ലെന്ന നിലപാടില്‍ കപ്പല്‍ യാത്ര തുടരുകയായിരുന്നു. പിന്നീട് ഷിപ്പിങ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശപ്രകാരം കപ്പല്‍ മംഗളൂരു മേഖലയില്‍ കടലില്‍ നങ്കൂരമിടുകയും പുതുമംഗളൂരു തുറമുഖത്ത് എത്തിച്ചു പരിശോധിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടില്‍ ഇടിച്ചതിന്റെ സൂചനകള്‍ ലഭിച്ചത്.

 

മുനമ്പത്തുനിന്നു 44 കി.മീ. മാറി കടലില്‍ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മലയാളി അടക്കം നാലുപേര്‍ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. എട്ടുപേരെ കാണാതായി. ഓഷ്യാനിക് എന്ന ബോട്ടിലാണു കപ്പലിടിച്ചത്.

 

Tags: