കേരളത്തിന് യു.എ.ഇയുടെ 700 കോടി സഹായം

Glint Staff
Tue, 21-08-2018 12:51:51 PM ;
Thiruvananthapuram

pinarayi-vijayan-pressmeet

പ്രളയത്തില്‍ അകപ്പെട്ട കേരളത്തെ സഹായിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ കണ്ടപ്പോളാണ് സഹായം സംബന്ധിച്ച കാര്യം വ്യക്തമാക്കിയതെന്നും പിന്തുണയ്ക്ക് യു.എ.ഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ കൃതജ്ഞത അറിയിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

ദുരിതാശ്വാസം, പുനരധിവാസം, പുനര്‍നിര്‍മാണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം 30ന് ചേരാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വായ്പയെടുക്കാനുള്ള പരിധി ഉയര്‍ത്താനും തൊഴിലുറപ്പ് പദ്ധതി അടക്കം കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിന് 2600 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കാനും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. പശ്ചാത്തല സൗകര്യം, കൃഷി, ജലസേചനം തുടങ്ങിയമേഖലകളില്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കാന്‍ നബാഡിനോട് സഹായം തടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സ്വകാര്യ ബാങ്കുകള്‍ ദുരിതാശ്വാസക്യാംപുകളില്‍വരെ പോയി കുടിശിക ഈടാക്കുന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇത്തരം ശ്രമങ്ങള്‍ പാടില്ല. ജനങ്ങളുടെ പ്രയാസം മനസ്സിലാക്കണം. വായ്പാ തിരിച്ചടവിന്റെ പ്രയാസം കണക്കിലെടുത്തു പെരുമാറണമെന്ന് ബാങ്കുകള്‍ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

 

 

Tags: