പ്രളയത്തിന് കാരണം കാലാവസ്ഥാ പ്രവചനത്തിലെ പിഴവ്; ഡാം മാനേജ്‌മെന്റിലും അപാകത: ഇ.ശ്രീധരന്‍

Glint Staff
Tue, 28-08-2018 04:02:07 PM ;
Kochi

e-sreedharan

കാലാവസ്ഥാ നിരീക്ഷണത്തില്‍ പറ്റിയ പിഴവാണ് കേരളത്തിലെ പ്രളയത്തിന്റെ പ്രധാനകാരണമെന്ന് ഇ.ശ്രീധരന്‍. ഇത്രയധികം മഴ കിട്ടുമെന്ന് കാലാവസ്ഥാ പ്രവചനം ഉണ്ടായിരുന്നെങ്കില്‍ ഡാമുകള്‍ നേരത്തെ ചെറിയതോതില്‍ തുറന്ന് വിടാമായിരുന്നു. മഴ കനത്തിട്ടും ഡാമുകളില്‍ വെള്ളം സംഭരിക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

കാലാവസ്ഥാ പ്രവചങ്ങള്‍ പലപ്പോഴും ശരിയാകാത്തതിനാല്‍ ജനങ്ങള്‍ക്ക് അതില്‍ വിശ്വാസമില്ല. മഴ പെയ്യുമെന്ന് പറഞ്ഞാല്‍ പെയ്യില്ല. പെയ്യില്ല എന്നു പറഞ്ഞാല്‍ പെയ്യും. അതിനാല്‍ ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണം ജനം വിശ്വസിച്ചില്ല. കഴിഞ്ഞ അഞ്ചെട്ടുകൊല്ലമായി മഴ കുറവായിരുന്നു. അതിനാല്‍ മഴ ശക്തമാകുമെന്ന കാലാവസ്ഥാ പ്രവചനം ആരും വിശ്വസിച്ചില്ല. 15 ദിവസത്തോളം ശക്തമായ മഴ പെയ്യുമെന്ന് പ്രവചിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അണക്കെട്ടുകള്‍ തുറന്നുവിടാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

പന്ത്രണ്ട് ലക്ഷം കോടിയുടെ ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ. അതിനാല്‍ വിദേശസഹായം സ്വീകരിക്കുന്നത് രാജ്യത്തിന് അഭിമാനകരമായ കാര്യമല്ല. പൂര്‍ണാധികാരമുള്ള സമിതി രൂപീകരിച്ചാല്‍ എട്ട് വര്‍ഷത്തിനുള്ളില്‍ പുതിയ കേരളം നിര്‍മിക്കാം. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതിനുവേണ്ട ഉപദേശങ്ങള്‍ നല്‍കാമെന്നും ശ്രീധരന്‍ പറഞ്ഞു.

 

Tags: