ഇരുമുടിക്കെട്ടില്ലാതെ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടിയില്‍; ആചാര ലംഘനമെന്ന് ദേവസ്വം ബോര്‍ഡ്

Glint Staff
Tue, 06-11-2018 05:11:19 PM ;
Pathanamthitta

ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടികയറി ആചാര ലംഘനം നടത്തിയെന്ന ആക്ഷേപം അന്വേഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ്. ആചാരങ്ങള്‍ സംരക്ഷിക്കേണ്ടതാണെന്നും ആര്‍.എസ്.എസ് നേതാവിന്റെ ഇത്തരത്തിലുള്ള നടപടി സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ദേവസ്വംബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ ദാസ് പറഞ്ഞു.

 

ആചാരം ലംഘിക്കുന്നുവെന്ന് പറഞ്ഞ് പ്രതിഷേധം നടത്തുന്നവര്‍ തന്നെ ആചാരം ലംഘിക്കുകയാണെന്നാണ് ബോര്‍ഡ് പറയുന്നത്. പരിപാവനമായ പതിനെട്ടാംപടിയില്‍ ഇരുമുടിക്കെട്ടില്ലാതെ ഒരാളെയും കടത്തി വിടാറില്ല. അങ്ങനെയുള്ള സന്ദര്‍ഭത്തിലാണ് ആര്‍എസ്എസ് നേതാവിന്റെ നേതൃത്വത്തില്‍ ഇത്തരത്തില്‍ ആചാര ലംഘനം നടന്നതെന്ന് ആക്ഷേപം ഉയരുന്നത്. 50 വയസിന് മുകളിലുള്ള സ്ത്രീകളെ തടയുന്നതും ആചാരലംഘനമാണെന്ന് ബോര്‍ഡ് വ്യക്തമാക്കി.

 

അതേ സമയം താന്‍ ആചാര ലംഘനം നടത്തിയിട്ടില്ലെന്ന് വത്സന്‍ തില്ലങ്കേരി പ്രതികരിച്ചു. ഇരുമുടിക്കെട്ടുമായിട്ടാണ് പടികയറിയത്. ബഹളം കേട്ട് തിരിച്ചെത്തുകയായിരുന്നു. എന്തെങ്കിലും ആചാരലംഘനം നടത്തിയിട്ടുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അയ്യപ്പനോട് പ്രായശ്ചിത്വം ചെയ്യാന്‍ താന്‍ തയ്യാറാണെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

 

Tags: