കെവിന്റേത് ദുരഭിമാനക്കൊല തന്നെ; ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം: കോടതി

Glint Staff
Wed, 07-11-2018 01:39:53 PM ;
Kottayam

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ കെവിന്റെ മരണം ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി. പ്രോസിക്യൂഷന്‍ വാദങ്ങള്‍ മുഴുവനും അംഗീകരിച്ചാണ് കെവിന്റെ മരണം ദുരഭിമാനക്കൊലയാണെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിലയിരുത്തിയത്. കേസില്‍ ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

 

ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിന്‍, സവര്‍ണ ക്രൈസ്തവ വിഭാഗത്തിലെ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നേരത്തെ വിചാരണ ആരംഭിച്ച കേസില്‍ ഇനി ക്രോസ് വിസ്താരം ഉള്‍പ്പെടെ പൂര്‍ത്തിയാകാനുണ്ട്. ആറുമാസത്തിനകം ഇതെല്ലാം പൂര്‍ത്തിയാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. 2018 മെയ് 27-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ(24)  തെന്മലയ്ക്കടുത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

 

കൊല്ലം സ്വദേശിയായ നീനുവിനെ പ്രണയിച്ച് വിവാഹ കഴിച്ചതിന്റെ പകയില്‍ നീനുവിന്റെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. നീനുവിന്റെ അച്ഛനും സഹോദരനും അവരുടെ സുഹൃത്തുക്കളുമാണ് കേസിലെ പ്രതികള്‍.

 

Tags: