അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം; പി.കെ ശശിക്കെതിരെ കേന്ദ്ര നേതൃത്വത്തിന് വീണ്ടും യുവതി പരാതി നല്‍കി

Glint Staff
Thu, 08-11-2018 01:18:33 PM ;
Delhi

ലൈഗിക ആരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്‍കി. പാര്‍ട്ടി തല അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പരാതിക്കാരി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ശബ്ദസന്ദേശങ്ങള്‍ അടക്കമാണ് പുതിയ പരാതി.

 

തന്നെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഉന്നതരാണ് ഇതിന് പിന്നിലെന്നുമാണ് വനിതാ നേതാവിന്റെ പരാതിയില്‍ പറയുന്നത്. കമ്മീഷന്‍ അംഗമായ കേന്ദ്ര കമ്മറ്റി അംഗത്തോടൊപ്പം പി.കെ ശശി ഒന്നരമണിക്കൂര്‍ ചര്‍ച്ച നടത്തിയതായി മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതായും പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര കമ്മറ്റി അംഗത്തോടൊപ്പം പി.കെ ശശി പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ഇതിന്റെ ഫോട്ടോകള്‍ പോസ്റ്ററുകളായി ജില്ലയില്‍ ഉടനീളം പതിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തനം ഇക്കാര്യത്തില്‍ സംശയാസ്പദമാണെന്നും യുവതി പറയുന്നു.

 

നേരത്തെ, ശശിക്കെതിരായ പരാതിയില്‍ പാര്‍ട്ടിയിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലന്‍, പി.കെ. ശ്രീമതി എന്നിവര്‍ അടങ്ങിയ സമിതിയാണ് അന്വേഷണം നടത്തിയിരുന്നത്. എന്നാല്‍ പിന്നീട് നടപടിയൊന്നുമുണ്ടായില്ല. ശശിയെ സിപിഎം ജാഥാ ക്യാപ്റ്റനാക്കുകയും ചെയ്തതോടെയാണ് യുവതി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

 

 

Tags: