നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ പോലീസിന്റെ ഗുരുതര വീഴ്ച. സാരമായി പരിക്കേറ്റ സനലിനെ സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര പോലീസ് സംഘം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിന് പകരം സ്റ്റേഷനിലേക്കാണ് പോയത്. ഇക്കാര്യം സ്ഥരീകരിക്കുന്ന വീഡിയോദൃശ്യങ്ങള്‍ പുറത്ത് വന്നു.
തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് സനലിനെ കൊണ്ടുപോയെങ്കിലും എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളേജിലെത്തിക്കാനുള്ള നിര്‍ദേശമാണ് കിട്ടിയത്. അവിടെ നിന്ന് മെഡിക്കല്‍ കോളജിലേക്ക് പോകേണ്ടതിന് പകരം നേരെ ആംബുലന്‍സ് പോയത് സ്റ്റേഷനിലേക്കാണ്. ശേഷം രാത്രി പതിനൊന്നരയോടെയാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത് അപകടം നടന്നിട്ട് ഒന്നരമണിക്കൂറോളം കഴിഞ്ഞ്. എന്നാല്‍ അതിനിടയില്‍ സനല്‍ മരിച്ചിരുന്നു.
ആംബുലന്‍സിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് ഡ്യൂട്ടി മാറാന്‍വേണ്ടിയാണ് സനലുമായി പോലീസ് സ്റ്റേഷനിലേക്ക് പോയതെന്നാണ് വിവരം. സംഭവം വിവാദമായതോടെ സനലിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ വീഴ്ചവരുത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീഷ് കുമാര്‍, ഷിബു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.