ബി.ജെ.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പി.സി. ജോര്‍ജ്

Glint Staff
Tue, 27-11-2018 07:05:29 PM ;
Thiruvananthapuram

 pc-george-sreedharan-pillai

നിയമസഭയില്‍ ബി.ജെ.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജ്. പി.സി.ജോര്‍ജിന്റെ പാര്‍ട്ടിയായ ജനപക്ഷം ഇടതുപക്ഷവുമായുള്ള പ്രാദേശികമായ ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയുമായി സഹകരിക്കാന്‍ ധാരണയായത്. നിയമസഭയില്‍ ഒ.രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം.

 

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയുമായി  ഇത് സംബന്ധിച്ച് പി.സി. ജോര്‍ജ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ബി.ജെ.പിയുമായി നീക്കുപോക്കുകള്‍ ഉണ്ടാക്കുന്നതിന് താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന അര്‍ത്ഥമില്ലെന്നും, ബിജെപിക്കാര്‍ കുഴപ്പക്കാരാണെന്ന് തോന്നിയിട്ടില്ല എന്നും ജോര്‍ജ് പറഞ്ഞു.

 

ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും ജനപക്ഷത്തിന് ഇപ്പോള്‍ തുല്യ അകലമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ മുന്നണി ബന്ധത്തെക്കുറിച്ച് തീരുമാനമെടുക്കുമെന്നും ജോര്‍ജ് വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ബി.ജെ.പിയെ പിന്തുണക്കുന്ന നിലപാടാണ് പി.സി ജോര്‍ജ് എടുത്തിരിക്കുന്നത്.

 

 

Tags: