കെ.സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടി

Glint Staff
Thu, 06-12-2018 01:05:24 PM ;
Pathanamthitta

ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയില്‍ മകന്റെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസില്‍ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ റിമാന്‍ഡ് നീട്ടി. 14 ദിവസത്തേക്ക് കൂടിയാണ് റിമാന്‍ഡ് നീട്ടിയിരിക്കുന്നത്. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.

 

ഇതിനിടെ സുരേന്ദ്രന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. ശബരിമല ആക്രമണ ഗൂഢാലോചന കേസ് നിലനില്‍ക്കും. സുരേന്ദ്രന്‍ നിയമം കൈയിലെടുത്തുവെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാനാകില്ലെന്ന് കോടതിയും ചൂണ്ടിക്കാട്ടി. എന്നാല്‍ എത്രനാള്‍ ഇങ്ങനെ കസ്റ്റഡി തുടരുമെന്നും കോടതി ചോദിച്ചു.

 

അതേസമയം, തന്നെ ആജീവനാന്തം ജയിലില്‍ ഇടാനുള്ള ഗൂഢാലോചനയാണു സര്‍ക്കാരിന്റേതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. അതിന്റെ ഭാഗമായിട്ടാണു ചായ വാങ്ങിത്തന്ന സി.ഐയെ സസ്‌പെന്‍ഡ് ചെയ്തത്. മനപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് ശബരിമലയില്‍ ദര്‍ശനത്തിന് പോയ തന്നെ പിടിച്ച് ജയിലില്‍ ഇട്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

 

Tags: