സബ് കളക്ടറെ അധിക്ഷേപിച്ച സംഭവം: എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

Glint Staff
Mon, 11-02-2019 01:29:21 PM ;
Thiruvananthapuram

 s-rajendran, Renu Raj IAS

ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജിനെ അധിക്ഷേപിച്ച് സംസാരിച്ച എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കഴിഞ്ഞദിവസം മൂന്നാറിലെ അനധികൃത നിര്‍മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍പില്‍വച്ചാണ് എസ്. രാജേന്ദ്രന്‍ എം.എല്‍.എ സബ് കളക്ടറെ അവഹേളിച്ച് സംസാരിച്ചത്.

 

'അവളാണോ ഇത് തീരുമാനിക്കേണ്ടത്. ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും. അവള്, ആ വന്നവള്‍ക്ക് ബുദ്ധിയില്ലെന്നു പറഞ്ഞ്, ഒരു ഐ.എ.എസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ'  എന്നായിരുന്നു  എസ്. രാജേന്ദ്രന്റെ പരമാമര്‍ശം.

 

ജില്ലാ കളക്ടറുടെ എന്‍.ഒ .സി ഇല്ലാതെയാണ് നിര്‍മ്മാണം നടക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് വനിതാ വ്യവസായകേന്ദ്രത്തിന്റെ പണി നിര്‍ത്തിവയ്ക്കാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടിരുന്നു. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിനോട് ചേര്‍ന്നാണ് നിര്‍മ്മാണം നടക്കുന്നത്. സബ് കളക്ടറുടെ ഉത്തരവ് ലംഘിച്ചതോടെ നിര്‍മ്മാണം തടയുന്നതിനും മേല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും പോലീസ് സന്നാഹവുമായി റവന്യു ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് സബ് കളക്ടര്‍ക്കെതിരെ എം.എല്‍.എ മോശമായി സംസാരിച്ചത്.

 

Tags: