എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തര കടലാസുകള്‍ റോഡരികില്‍; സംഭവം കോഴിക്കോട്

Glint Staff
Thu, 14-03-2019 12:45:57 PM ;
Kozhikode

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തര കടലാസുകള്‍ റോഡരികില്‍ കണ്ടെത്തി. കോഴിക്കോട് കായണ്ണ എച്ച്.എസ്.എസില്‍ നിന്ന് മൂല്യനിര്‍ണയ ക്യാംപിലേക്ക് അയയ്ക്കാന്‍ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോയ പേപ്പറാണ് വഴിയില്‍ വീണത്. ഗുരുതര വീഴ്ചയെ തുടര്‍ന്ന് ഓഫീസ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു.

 

ഇന്നലെ നടന്ന മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരപ്പേപ്പര്‍ കെട്ടാണ് സ്‌കൂളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ റോഡരികില്‍ കണ്ടെത്തിയത്. കുറ്റിവയലിന് സമീപം പേപ്പര്‍ കെട്ട് കിടക്കുന്നത് കണ്ട നാട്ടുകാരന്‍ അടുത്തുള്ള കടയില്‍ ഏല്‍പ്പിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞതിന് ശേഷം മൂല്യനിര്‍ണയ ക്യാംപിലേക്ക് അയയ്ക്കുന്നതിനായി പോസ്റ്റ് ഓഫിസിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ഉത്തര കടലാസ് വീണതെന്നാണ് പറയുന്നത്.

 

സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് ഉപവിദ്യാഭ്യാസ ഡയറക്ടര്‍ (ഡി.ഡി.ഇ) ഇ.കെ.സുരേഷ്‌കുമാര്‍ സ്‌കൂളിലെത്തി പരിശോധന നടത്തി. തുടര്‍ന്ന് ഓഫീസ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തതായി ഡി.ഡി.ഇ അറിയിച്ചു.

 

Tags: