കരമനയിലെ യുവാവിന്റെ കൊലപാതകം: പോലീസിന് വീഴ്ച; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Glint Staff
Thu, 14-03-2019 01:29:55 PM ;
Thiruvananthapuram

ananthu

തിരുവനന്തപുരം കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ പോലീസ് അനാസ്ഥയുണ്ടായെന്ന് കമ്മീഷന്‍ വിലയിരുത്തി. അനന്തുവിനെ തട്ടിക്കൊണ്ട് പോയെന്ന വിവരം ലഭിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണവും കാര്യക്ഷമായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

 

അനന്തുവിന്റെ മൃതദേഹവും ബൈക്കും ആദ്യം കണ്ടെത്തിയത് സുഹൃത്തുക്കളായിരുന്നു. തട്ടിക്കൊണ്ട് പോയ സ്ഥലത്ത് നിന്ന് വെറും രണ്ട് കിലോമീറ്റര്‍ ദൂരമേ ഇവിടേക്കൊള്ളൂ. എന്നിട്ടും പോലീസിന് അനന്തുവിനെ കണ്ടെത്തായില്ലെന്നാണ് ആക്ഷേപം. അന്തുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ദേശീയ പാതയ്ക്ക് സമീപമുള്ള കാട്ടില്‍ യുവാക്കള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു.

 

ദേശീയപാതയില്‍ നീറമണ്‍കരയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുവന്നാണ് കൊലപ്പെടുത്തിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പ്രതികള്‍ അനന്തുവിന്റെ കൈ അറത്തും തേങ്ങ കൊണ്ട് തലക്കടിച്ചും മണിക്കൂറോളം ക്രൂരമായി മര്‍ദിച്ചായിരുന്നു കൊലപാതകം.

 

പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. മുഖ്യപ്രതി അനീഷ് അടക്കം ചിലര്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സൂചന.

 

 

Tags: