മോഡി സ്വന്തം ആശയം രാജ്യത്ത് അടിച്ചേല്‍പ്പിക്കുന്നു; ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറാവുന്നില്ല: രാഹുല്‍ ഗാന്ധി

Glint Staff
Thu, 14-03-2019 07:06:19 PM ;
Kozhikode

rahul-gandhi

മോഡിയുടെ മന്‍കി ബാത് മാത്രമാണ് ബി.ജെ.പി ഭരണത്തിലുണ്ടായതെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ കേള്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാവുന്നില്ല, പകരം സ്വന്തം ആശയങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. മോഡി ഇന്നുവരെ ജനങ്ങളോട് നിങ്ങള്‍ക്ക് വേണ്ടത് എന്താണെന്ന് ചോദിച്ചിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് എല്ലാവരെയും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രാഹുല്‍ പറഞ്ഞു. കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ മഹാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളോട് പോലും പറയാതെയാണ് മോഡി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. അര്‍.ബി.ഐയെ പോലും അവഗണിച്ചായിരുന്നു ആ തീരുമാനം. അ മണ്ടന്‍ തീരുമാനത്തില്‍ രാജ്യത്തെ നിരവധി പേരുടെ പ്രതീക്ഷകളാണ് തൂത്തെറിയപ്പെട്ടത്. കര്‍ഷകന് വരുമാനമില്ലാതായി, സാധാരണക്കാരന് തൊഴിലില്ലാതായി. ചെറുകിട കച്ചവടക്കാര്‍, വ്യവസായം നടത്തുന്നവര്‍ എല്ലാവരും പ്രതിസന്ധിയിലായി.

 

എന്നാല്‍ അവരുടെ പ്രയാസങ്ങള്‍ മോഡി കാണുന്നില്ല. പകരം നീരവ് മോഡിയുടെയും അനില്‍ അംബാനിയുടെയും മെഹുല്‍ ചോക്‌സിയുടെയും കാര്യങ്ങളിലാണ് അദ്ദേഹത്തിന് താല്‍പര്യം. പാവപ്പെട്ട കര്‍ഷര്‍ക്കും ചെറുകിട വ്യവസായക്കാര്‍ക്കും വായ്പ ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. എന്നാല്‍ മോഡിയുടെ പ്രിയപ്പെട്ടവര്‍ക്ക് കോടാനുകോടി രൂപയാണ് നല്‍യിരിക്കുന്നത്.

 

മോഡിയുടെ സ്വപനം രണ്ട് ഇന്ത്യയാണ്. ഒന്ന് അതി സമ്പന്നരുടെ. അതില്‍ മുകളില്‍ പറഞ്ഞ സുഹൃത്തുക്കള്‍ ഉള്‍പ്പെടും. രണ്ടാമത്തേത് പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും പട്ടിണി അനുഭവിക്കുന്നവരുടെയും തൊഴിലില്ലാത്തവരുടെയും ഇന്ത്യയാണ്. എന്നാല്‍ ആ സ്വപ്‌നം നടക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ മിനിമം വരുമാനം എല്ലാവര്‍ക്കും ഉറപ്പാക്കും. ജി.എസ്.ടി പൊളിച്ചെഴുതും. കര്‍ഷന് സഹായം നല്‍കും, യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കും, പുതിയ സംരംഭകരെ വളര്‍ത്തിയെടുക്കും. രാഹുല്‍ പറഞ്ഞു.

 

കേരളത്തിന്റെ കാര്യത്തില്‍ സി.പി.എമ്മും ബി.ജെ.പിയും ഒരേ പാതയിലാണ്. അക്രമമാണ് രണ്ട് പേരുടെയും അയുധം. അക്രമത്തിലൂടെ അധികാരത്തില്‍ തുടരാമെന്നാണ് സി.പി.എം കരുതുന്നത്. എന്നാല്‍ അതിന് കേരളത്തിലെ ജനത മറുപടി നല്‍കും. പെരിയയില്‍ രണ്ട് ചെറുപ്പക്കാരെയാണ് സി.പി.എം ഇല്ലാതാക്കിയത്. അവര്‍ക്ക് കോണ്‍ഗ്രസ് നീതിയുറപ്പാകും. അവരെ കൊന്ന് തള്ളിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും അക്രമത്തിന്റെ പാത പിന്തുടരാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. ഹിംസയെ അഹിംസകൊണ്ട് നേരിടാനാണ് ഗാന്ധി നമ്മെ പഠിപ്പിച്ചിരിക്കുന്നത്.

 

2019 ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വനിതാ സംവരണ ബില്‍ പാസാക്കും. പാര്‍ലമെന്റിലും എല്ലാ നിയമസഭകളിലും 33 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും. ഒപ്പം സര്‍ക്കാന്‍ സ്ഥാപനങ്ങളിലെ തൊഴിലിലും വനിതകള്‍ക്ക് സംവരണം കൊണ്ടുവരുമെന്നും രാഹുല്‍ കോഴിക്കോട് പറഞ്ഞു.

 

 

 

 

 

 

 

Tags: