യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: കല്ലട ബസ് ജീവനക്കാര്‍ അറസ്റ്റില്‍; ബസ് പിടിച്ചെടുക്കും

Glint Staff
Mon, 22-04-2019 02:01:29 PM ;
Kochi

attack on passengres

ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന കല്ലട എന്ന സ്വകാര്യ ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. രണ്ട് ജീവനക്കാരെ നിലവില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബസ് മരട് സ്റ്റേഷനില്‍ ഹാജരാക്കാന്‍ ഉടമകള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കി. മര്‍ദ്ദനമേറ്റവരുടെ മൊഴി എടുത്ത ശേഷം ആക്രമണം നടത്തിയവര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പോലീസ് അറിയിച്ചു.

 

പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ജീവനക്കാര്‍ മര്‍ദ്ദിച്ച് ഇറക്കിവിട്ടത്. ബസില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറത്ത് വരുന്നത്.

 

ശനിയാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് ഹരിപ്പാട്ടെത്തിയപ്പോള്‍ തകരാറിലാകുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ബസ് പുറപ്പെടാതിരുന്നപ്പോള്‍ യാത്രക്കാരായ യുവാക്കള്‍ ഇത് ചോദ്യം ചെയ്തു.  ജീവക്കാര്‍ വളരെ മേശമായിട്ടാണ് ഇവരോട് പ്രതികരിച്ചത്. ഇതിനെ തുടര്‍ന്ന് യാത്രക്കാരനായ അജയ് ഘോഷ് ഹരിപ്പാട് പോലീസില്‍ വിവിരം അറിയിക്കുകയായിരുന്നു.

 

തുടര്‍ന്ന് പോലീസ് ഇടപെട്ട്  പ്രശ്‌നങ്ങള്‍ പരിഹരിച്ച് മറ്റൊരു ബസ് എത്തിച്ച് യാത്ര തുടരാന്‍ സൗകര്യം ഒരുക്കി. എന്നാല്‍ ബസ് വൈറ്റിലയിലെത്തിയപ്പോള്‍ ബസ് ഏജന്‍സിയുടെ വൈറ്റിലയിലെ ഓഫീസിലെ മൂന്ന് ജീവനക്കാരെത്തി ബസില്‍ കയറി യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയും ഇറക്കി വിടുകയുമായിരുന്നു.

 

 

Tags: